പത്തനംതിട്ട : ആഭ്യന്തരവകുപ്പിലെ ആർഎസ്എസ് വൽക്കരണത്തിനെതിരെ ജില്ലയിൽ ജനജാഗ്രതാ കാംപയിൻ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിണറായി- പോലീസ്- ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ 2024 സെപ്തംബർ 25 മുതൽ ഒക്ടോബർ 25 വരെ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടി നടത്തുക. കാംപയിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 10ന് വൈകീട്ട് 3.30ന് പന്തളത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് നിർവഹിക്കും. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും കാംപയിന്റെ ഭാഗമായി വാഹനജാഥകൾ, പൊതുയോഗങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, ടേബിൾ ടോക്ക്, ഭവന സന്ദർശനം, പദയാത്രകൾ, ലഘുലേഖ വിതരണം തുടങ്ങിയ വിവിധങ്ങളായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും ഒക്ടോബർ 10 മുതൽ 19 വരെ വാഹന പ്രചരണ ജാഥകൾ നടത്തും.
പിണറായി- പോലീസ്- ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തിന്റെ കെട്ടുറപ്പിനെ തകർക്കുകയാണ്. ജനങ്ങൾ ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത്. ആഭ്യന്തര വകുപ്പിലെ കാവിവൽക്കരണം കേരളം കാലങ്ങളായി ചർച്ച ചെയ്യുന്നതാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ പിആർ ഏജൻസിയെ നിയന്ത്രിക്കുന്നതും ആർഎസ്എസ് എന്ന വിവരം പുറത്തുവന്നിരിക്കുന്നു. മുഖ്യമന്ത്രി ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം ജില്ല പരാമർശങ്ങൾ വിവാദമായിരുന്നു. സമാനരീതിയിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ നടത്തിയ മുസ്ലിം വിരുദ്ധ വിവാദ പരാമർശം ഇന്ന് ഉത്തരേന്ത്യയിൽ സംഘപരിവാരത്തിന്റെ പ്രധാനപ്രചരണ ആയുധമാണ്. പിണറായി വിജയനെ ഉപയോഗപ്പെടുത്തി കേരളത്തെ ഫാഷിസ്റ്റുവല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായ മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തി പിണറായി വിജയന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതികരണം സംഘപരിവാരത്തിന്റെ വംശീയ താല്‍പ്പര്യങ്ങള്‍ക്ക് ശക്തി പകരുന്നതാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ബിജെപി രാഷ്ട്രീയ പ്രചാരണ വിഷയമാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു എന്നത് അവര്‍ തമ്മിലുള്ള അന്തര്‍ധാര വ്യക്തമാക്കുന്നു. പോലീസ് സേനയിലെ ആർഎസ്എസ് വൽക്കരണത്തിനെതിരെ ഭരണകക്ഷി എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. അതിന് വിദ്വേഷ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തി ധ്രുവീകരണം സൃഷ്ടിച്ച് വിഷയത്തെ വഴിതിരിച്ചു വിടാനാണ് ശ്രമിക്കുന്നത്.
ഇടതു ഭരണത്തില്‍ സംഘപരിവാര അജണ്ടകള്‍ കൃത്യമായി നടപ്പാക്കുന്ന ഏജന്‍സിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് മാറി. ആര്‍എസ്എസ്സുമായി ബന്ധപ്പെട്ട കേസുകളില്‍ പോലീസ് പുലര്‍ത്തുന്ന പക്ഷപാതിത്വവും വിവേചനവും ഇതിന്റെ ഫലമാണ്. അടുത്തിടെ നമ്മുടെ ജില്ലയിലെ പന്തളത്ത് ഗണേശോത്സവത്തിന്റെ മറവിൽ സംഘപരിവാർ ക്രിമിനലുകൾ വയോധികയേയും കുടുംബത്തെയും ആക്രമിച്ച കേസിൽ പോലീസ് തുടരുന്ന മൃദുസമീപനം ഇതിന്റെ പ്രകടമായ ഉദാഹരണമാണ്. കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ എല്ലാവരെയും കോടതി കുറ്റവിമുക്തമാക്കിയതിന് പിന്നിലും സിപിഎം- ആർഎസ്എസ് കൂട്ടുകെട്ടാണ്. സാക്ഷിമൊഴികൾ പ്രതികൾക്ക് അനുകൂലമായി മാറിയതും തെളിവുകളും രേഖകളും ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതും ഭരണകൂടം ബിജെപിക്ക് വഴിപ്പെട്ടു എന്നതിന്റെ തെളിവാണ്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്നൂറിലധികം കേസുകളുടെ വിവരങ്ങളുണ്ട്. അതില്‍ വധശ്രമം, ഹവാല ഉള്‍പ്പെടെയുള്ളവയുണ്ട്. ഈ കേസുകളില്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും എന്തു നടപടി സ്വീകരിച്ചു എന്നതുകൂടി പരിശോധിക്കുമ്പോഴാണ് അടിയൊഴുക്കുകള്‍ വ്യക്തമാകുന്നത്. ആർഎസ്എസ് കേന്ദ്രങ്ങളിലെ നിത്യ സന്ദർശകനായ എഡിജിപി എം ആര്‍ അജിത് കുമാര്‍ എഴുതി കൊടുക്കുന്നത് വായിക്കുകയാണ് മുഖ്യമന്ത്രി. മതവും ജാതിയും പ്രദേശവും നോക്കി കുറ്റവും ശിക്ഷയും സ്വീകരിക്കുന്ന സംഘപരിവാര അനീതി തന്നെയാണ് സംസ്ഥാനത്തും നടക്കുന്നത്. നയതന്ത്ര ബാഗേജിലൂടെ 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരുമാണ് സംശയ നിഴലിലുള്ളത്. സ്വര്‍ണ കടത്തു കേസിലെ പ്രതിയ്ക്ക് സംസ്ഥാനം വിടാന്‍ സൗകര്യമൊരുക്കിയത് എഡിജിപിയാണെന്ന ആരോപണവും നിലവിലുണ്ട്.
സാമൂഹിക വിഭജനത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കുകയെന്നത് സിപിഎമ്മും ഇടതുപക്ഷവും കുറേ കാലമായി തുടരുന്ന രാഷ്ട്രീയ നിലപാടാണ്. തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്ക് നിലനിര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സിപിഎം നേതാക്കളുടെ വിദ്വേഷ പ്രചാരണം പുതിയ സംഗതിയല്ല. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എ വിജയ രാഘവനും കടകംപള്ളി സുരേന്ദ്രനും പി മോഹനനും ഉള്‍പ്പെടെയുള്ളവര്‍ പല തവണ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയതിന്റെ വാര്‍ത്തകള്‍ നമ്മുടെ മുമ്പിലുണ്ട്. ആര്‍എസ്എസ്സുമായി ഐക്യപ്പെട്ട് തുടര്‍ഭരണം ഉറപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. പിണറായി വിജയനെ തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്, വൈസ് പ്രസിഡന്റ് ബിനു ജോർജ്, ജനറൽ സെക്രട്ടറി ഷാജി പഴകുളം എന്നിവർ പങ്കെടുത്തു.