കോഴിക്കോട് : ജാനകിക്കാട്ടില്‍ പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. വടകര റൂറല്‍ എസ്പി എ ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.
അടുക്കത്ത്പാറ ചാലില്‍ ഷിബു (34), ആക്കല്‍ പാലോളി അക്ഷയ് (22), മൊയിലോത്തറ തെക്കെ പറമ്പത്ത് സായുജ് (24), മൊയിലോത്തറ തമഞ്ഞിമ്മല്‍ രാഹുല്‍ (22) എന്നിവരെയാണ് നാദാപുരം എഎസ്പി നിധിന്‍ രാജ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചക്ക് ശേഷമാണ് പ്രതികളെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയത്. കുടുതല്‍ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. രണ്ടാഴ്ച മുമ്പാണ് പ്രതി സായുജ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിച്ചത്.
തുടര്‍ന്ന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം മറ്റുള്ളവരെയും വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സംശയകരമായ സാഹചര്യത്തില്‍ കുറ്റ്യാടി പുഴയോരത്ത് കാണുകയും നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
പോലീസ് ചോദ്യം ചെയ്തതിന് ശേഷമാണ് ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും കാരണം പീഡനമാണെന്നും വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തൊട്ടില്‍പാലം പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തുകയായിരുന്നു. നാദാപുരം എഎസ്പി യുടെ നേതൃത്വത്തില്‍ എസ്‌ഐ ജയന്‍, എഎസ്‌ഐ അനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.