പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിലെ വടക്കുപുറം കരിംകുറ്റിയിൽ പാറമടക്ക് അനുമതി. നല്കവാറുള്ള ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടേയും സെക്രട്ടറിയുടേയും നീക്കത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുവാൻ വടക്കുപുറത്ത് ചേർന്ന ക്വാറി വിരുദ്ധ ജനകീയ സമിതി യോഗം തീരുമാനിച്ചു. മാർച്ച് 19 – ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ജനകീയ സമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മത, സാമൂഹ്യ, സാംന്കാരിക, പരിസ്ഥിതി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ക്വാറി വിരുദ്ധ ജനകീയ സമിതി ചെയർമാൻ യോഹന്നാൽ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സാമുവൽ കിഴക്കുപുറം, ഭാരവാഹികളായ സോബി ജോൺ. ജോസഫ് കയ്യാല ക്കൽ, മീരാൻ വടക്കുപുറം എം.എസ് ജോൺ, ബാബു കടമ്പാട്ട്, വർഗീസ് കോയിക്കൽ, രാജൻ കയ്യാലക്കൽ, സി.ഡിവിൽസൺ, സി.ഡി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. മലയാലപ്പുഴ പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ ഉൾപ്പെട്ട കിഴക്കുപുറം, ഇലക്കുളം, വടക്കു പുറം, കോട്ടമുക്ക്, ശങ്കരത്തിൽ, ഈട്ടിമൂട്ടിൽ ഭാഗങ്ങൾ, വെട്ടൂർ, പരുത്തിയാനി, തോമ്പിൽ കൊട്ടാരം എന്നിവിടങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങൾക്കും മറ്റ് ജീവജാലങ്ങൾക്കും നിരവധി ആരാധനാലയങ്ങൾക്കും ദോഷവും ക്ലേശവും ഉണ്ടാക്കുന്നതും ഇറമ്പാത്തോട് മലിനമാക്കുന്നതുമായ നിർദ്ദിഷ്ട പാറമടക്ക് വളഞ്ഞ വഴിയിലൂടെയാണ് വിവിധ സർക്കാർ അനുമതികൾ നേടിയതെന്നും ഇതിന്റെ പിന്നിലെ അഴിമതി അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാറമടക്ക് അനുമതി നല്കുവാനുള്ള പഞ്ചായത്ത് നീക്കത്തിൽ ദുരൂഹത ഉണ്ടെന്നും ശക്തമായ ജനകീയ സമരം നേരിടേണ്ടിവരുമെന്നും ജനകീയ സമിതി യോഗം മുന്നറിയിപ്പ് നല്കി.