ഇലവുംതിട്ട : കല്ലംമോടി വട്ടക്കുട്ടത്തിൽ മുരളിക്ക് അഭയമായി ഇലവുംതിട്ട ജനമൈത്രി പോലീസ്. മാതാപിതാക്കൾ മരണപ്പെടുകയും ഭാര്യ പത്ത് വർഷം മുമ്പ് ഉപേക്ഷിച്ച് മറ്റൊരാളോടൊത്ത് പോകുകയും ചെയ്തതോടെ മാനസികനില തെറ്റി ബുദ്ധിമുട്ടിലായിരുന്നു മുരളി. അമ്മാവൻ കരുണാകരനും സരിഗ ക്ലബിലെ സുഹൃത്തുക്കളുടെയും സഹായത്താലായിരുന്നു ഈ ചെറിയ വീട്ടിൽ ഇദ്ദേഹത്തിന്റെ താമസം. എന്നാൽ ആറ് മാസമായി മരുന്നു കഴിക്കാതെ ഇയാളുടെ മാനസികനില ആകെ താറുമാറായിരുന്നു. ഇയാളുടെ ദുരവസ്ഥ പൊതുപ്രവർത്തകൻ എം.പി. റിനീഷാണ് ജനമൈത്രി പോലീസിനെ അറിയിക്കുന്നത്.
സ്ഥലത്തെത്തിയ ഇലവുംതിട്ട ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവർ ചേർന്ന് ഇയാളെ ഏറ്റെടുത്ത് വൃത്തിഹീനമായി വളർന്ന് ജs പിടിച്ചു വന്ന ഇയാളുടെ താടിയും മുടിയും വെട്ടി വൃത്തിയായി കുളിപ്പിച്ച് പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റലിലെത്തിച്ച് സൈക്യാട്രിക് വാർഡിൽ അഡ്മിറ്റ് ചെയ്തു. അസുഖം ഭേദമാകുന്ന മുറക്ക് ഇദ്ദേഹത്തെ തിരികെ എത്തിച്ച് സംരക്ഷണമുറപ്പാക്കുമെന്ന് ജനമൈത്രി പോലീസ് അറിയിച്ചു. ജനമൈത്രി പോലീസിനൊപ്പം റെനീഷ്, അനീഷ്, സുമേഷ്, ശരത്, സെബാസ്റ്റ്യൻ എന്നിവരും ഉണ്ടായിരുന്നു.