തൊടുപുഴ: ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം യു.ഡി.എഫിലേക്ക്. പാര്‍ട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്, ട്രഷറര്‍ വക്കച്ചന്‍ മറ്റത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പി.ജെ.ജോസഫ് പക്ഷത്തേക്ക് പോകാന്‍ തീരുമാനിച്ചതോടെയാണിത്. കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കണമെന്ന പി.ജെ. ജോസഫിന്റെ ഐക്യ ആഹ്വാനം ഏറ്റെടുത്തെന്ന് ഫ്രാന്‍സിസ് ജോര്‍ജ് തിങ്കളാഴ്ച രാത്രി പാലായില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ലയനത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ വര്‍ക്കിങ് ചെയര്‍മാന്‍ കെ.സി.ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ പി.സി.ജോസഫ്, വൈസ് ചെയര്‍മാന്‍ ആന്റണി രാജു എന്നിവര്‍ എല്‍.ഡി.എഫില്‍ത്തന്നെ നില്‍ക്കുമെന്നാണ് നിലവിലെ സൂചന. നാലുവര്‍ഷം മുമ്മ്പ് രൂപീകൃതമായ പാര്‍ട്ടിയുടെ പിളര്‍പ്പിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പി.ജെ.ജോസഫ് പക്ഷത്തേക്ക് പോകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച വന്നത്. ഫ്രാന്‍സിസ് ജോര്‍ജ് ഇതിന് തുടക്കമിട്ടു. എന്നാല്‍ പാര്‍ലമെന്ററി ബോര്‍ഡിലെ മൂന്നുപേരും ഈ നിര്‍ദേശത്തെ എതിര്‍ത്തു. തുടര്‍ന്ന് ഫെബ്രുവരി 22-ലെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എല്‍.ഡി.എഫില്‍ത്തന്നെ ഉറച്ചുനില്‍ക്കണമെന്ന് തീരുമാനിച്ചു.
എന്നാല്‍ അപ്രതീക്ഷിതമായാണ് പുതിയ നീക്കം. ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ എം.പി.പോളിയും ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം യു.ഡി.എഫിലേക്ക് പോകുമെന്നാണ് വിവരം. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം.) വിട്ട ഫ്രാന്‍സിസ് ജോര്‍ജും സംഘവും 2016 മാര്‍ച്ച് ഒന്‍പതിനാണ് ‘ജനാധിപത്യ കേരള കോണ്‍ഗ്രസ്’ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ചത്. 2018 ഡിസംബറില്‍ ഇടതുമുന്നണിയിലെത്തി. പി.ജെ.പക്ഷം, മാണിഗ്രൂപ്പുമായി അകന്നതിനാല്‍ ഇനി തിരികെപോകുന്നതില്‍ തെറ്റില്ലെന്നാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പറയുന്നത്. ഐക്യ കേരള കോണ്‍ഗ്രസെന്ന ആശയവും പറയുന്നുണ്ട്. പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള പി.ജെ.ജോസഫിന്റെ രാഷ്ട്രീയ നീക്കമാണിതെന്നും കരുതപ്പെടുന്നു.
ആന്റണി രാജു അടക്കം വിയോജിച്ച് നില്‍ക്കുന്നവരും കൂടെവരുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. എല്‍.ഡി.എഫിനെ വഞ്ചിച്ചിട്ടില്ല. എല്‍.ഡി.എഫുമായി പരസ്പര സഹകരണത്തോടെ ഇതുവരെ മുന്നോട്ടുപോയി. അണികളുടെ താത്പര്യപ്രകാരമാണ് പുതിയ തീരുമാനം. പാര്‍ട്ടി ജില്ലാ കമ്മിറ്റികളെല്ലാം ലയനത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്‍.ഡി.എഫില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുള്ളതെന്ന് ആന്റണി രാജു പറഞ്ഞു. അടുത്ത ദിവസത്തെ എല്‍.ഡി.എഫ്. യോഗത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് പങ്കെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.