കൊച്ചി: ഫോര്‍ട്ടുകൊച്ചി കായലില്‍ ജങ്കാര്‍ ടൂറിസ്റ്റ് ബോട്ടിലിടിച്ച് അപകടം. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ സര്‍വീസ് ചാലില്‍ കുറുകെവന്ന ബോട്ടിലാണ് ഫോര്‍ട്ടുകൊച്ചി– വൈപ്പിന്‍ റോറോ ജങ്കാര്‍ ഇടിച്ചത്. മഹാരാഷ്ട്രയില്‍നിന്നുള്ള ഇരുപത്തിമൂന്നംഗ വിനോദസഞ്ചാരികളടക്കം ഇരുപത്തിയൊന്‍പതുപേര്‍ ബോട്ടിലുണ്ടായിരുന്നു. ജങ്കാറും ബോട്ടും ജെട്ടിയില്‍നിന്ന് പുറപ്പെട്ട് അധികദൂരം പിന്നിടുന്നതിന് മുന്‍പാണ് അപകടമുണ്ടായത്. ജങ്കാര്‍ ഹോണടിച്ച് അപായ സൂചന നല്‍യെങ്കിലും വിനോദ സഞ്ചാരികളുമായെത്തിയ ബോട്ട് ചാലിലൂടെ മുന്നോട്ടു വരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ടിനും ജങ്കാറിനും കേടുപാടുണ്ടായി. പോര്‍ട്ട് കണ്‍ട്രോളില്‍നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് തീരദേശ പോലീസ് ഇടപെട്ട് ബോട്ട് തീരത്തടുപ്പിച്ചു.
യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കൊച്ചിയില്‍ വിനോദസഞ്ചാരികളെ കായല്‍ സഞ്ചാരത്തിനു കൊണ്ടു പോകാനുപയോഗിക്കുന്ന ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവരില്‍ ഏറെയും മദ്യപിച്ച നിലയിലാണ് ബോട്ട് ഓടിക്കുന്നത്. മയക്കുമരുന്നു സംഘവുമായി ബന്ധം പുലര്‍ത്തുന്ന ഗുണ്ടാ സംഘമാണ് ഇവിടെ വിനോദ സഞ്ചാരികളെ യാത്രക്കായി കൊണ്ടുപോകാനായി എത്തുന്ന ബോട്ടുകളിലും വള്ളങ്ങളിലും ജോലിചെയ്യുന്നതും . ഇവര്‍ തമ്മില്‍ ട്രിപ്പിന്റെ പേരില്‍ പലപ്പോഴും സംഘര്‍ഷങ്ങളും ഇവിടെ പതിവാണ്.