പത്തനംതിട്ട : നിന്നനില്പിൽ മാഞ്ഞു പോയതുപോലെയാണ് ജസ്‌ന പോയത്’. രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്ന ജസ്ന മരിയ ജെയിംസ് എന്ന ഇരുപതുകാരിയെ കാണാതായിട്ട് നാല് വർഷമാകുന്നു. ജസ്നയുടെ തിരോധാന കേസിന്റെ ദുരൂഹത ചുരുളഴിയാനായി കേരളീയർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുകയാണ്. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടിൽ നിന്നും 2018 മാർച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്‌നയുടേത്. അതുകൊണ്ടുതന്നെ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതാവുന്ന സമയം ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു.
പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് ഈ ഇരുപതുകാരി എന്നാണ് കരുതുന്നത്. അങ്ങോട്ടുള്ള ബസ്സിൽ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവൾ അവിടെ എത്തിയിട്ടില്ല. ഏറെ കൂട്ടുകാർ ഇല്ലാത്ത, പ്രണയമോ മറ്റു ഗാഢ സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന ഈ നാട്ടുമ്പുറത്തുകാരി പോകുമ്പോൾ പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ വസ്ത്രങ്ങളോ എ.ടി.എം കാർഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോൺ വീട്ടിൽ തന്നെയുണ്ട്. ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. തെളിവുകളൊന്നും ബാക്കി വെയ്ക്കാതെ കാണാതായ ജസ്നയെ എങ്ങനെ കണ്ടെത്താനാകുമെന്ന് അറിയാതെ പോലീസ് കുഴഞ്ഞു. ജസ്നയുടെ വാട്സാപും മൊബൈൽ ഫോണുമൊക്കെ പോലീസ് വിശദമായി പരിശോധിച്ചിരുന്നു.
അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പോലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. വിവരം നൽകുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെയും ജെസ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായിരുന്നു. കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മുൻ എഡിജിപി ടോമിന്‍ തച്ചങ്കരിയും പത്തനംതിട്ട മുന്‍ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണും വെളിപ്പെടുത്തിയെങ്കിലും അതിനപ്പുറം എന്തെങ്കിലും സൂചന നല്‍കാന്‍ ഇരുവരും തയ്യാറായിട്ടില്ല. എന്നാൽ മുന്‍ ജില്ലാ പോലീസ് മേധാവിയുടെയും മുൻ എഡിജിപിയുടെയും മൗനം പാലിക്കൽ ഇപ്പഴും സംശയത്തിന്റെ നിഴലിലാണ് നിൽക്കുന്നത്.
ജസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ ഈ ഉദ്യോഗസ്ഥർ ആരെയാണ് ഭയപ്പെടുന്നത്. ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങൾ ഇതിന് പിന്നിൽ ഉണ്ടെന്നുതന്നെ വേണം സംശയിക്കാൻ. ജസ്നയെ ഇതുവരെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ജസ്നയെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് മുൻ മേധാവിയും പെൺകുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞിരുന്നു. അതേസമയം ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണ് സിബിഐയുടെ എഫ്‌ഐആറിലുള്ളത്. കെ.ജി. സൈമണ്‍ പത്തനംതിട്ട എസ്പിയായിരുന്ന സാഹചര്യത്തില്‍ മൂവായിരത്തിലധികം ഫോണ്‍ കോളുകള്‍ അടക്കം പരിശോധിച്ചതിനെ തുടര്‍ന്ന് വിലപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞിരുന്നു.