തിരുവനന്തപുരം : വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ മര്‍ദിച്ചെന്ന കേസില്‍ അന്വേഷണം ഇഴയുന്നു.മൊഴി രേഖപ്പെടുത്തുന്നതില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് കാരണം. വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ ജാമ്യ ഉപാധിപ്രകാരം പ്രതികളായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ല.
ജാമ്യ വ്യവസ്ഥയുള്ളതിനാല്‍ വലിയതുറ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാനാവില്ലെന്ന നിലപാടിലാണ് പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കണ്ണൂരിലെത്തി മൊഴിയെടുക്കില്ലെന്നാണു പോലീസിന്റെയും നിലപാട്. ഇതോടെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനപ്പുറം അന്വേഷണം നീങ്ങിയിട്ടില്ല.വിമാനത്തിലെ പ്രതിഷേധം കഴിഞ്ഞ് 37 ദിവസം ഇ.പി.ജയരാജനെതിരെ കേസെടുക്കാതിരുന്ന പോലീസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വകാര്യ അന്യായം കോടതി അംഗീകരിച്ചതോടെയാണ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്. കേസ് റജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച പിന്നിട്ടെങ്കിലും തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. പരാതിക്കാരായ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ വിശദമൊഴിയെടുക്കുകയാണ് കേസിന്റെ ആദ്യഘട്ടം. അതിനായി ഫര്‍സീന്‍ മജീദിനോടും നവീന്‍കുമാറിനോടും കേസ് അന്വേഷിക്കുന്ന വലിയതുറ പോലീസ് സ്റ്റേഷനിലെത്താനായി നോട്ടീസ് നല്‍കിയിരുന്നു.
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ ജാമ്യ ഉപാധി ചൂണ്ടിക്കാട്ടി കണ്ണൂരിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന് ഇരുവരും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് പോലീസും തയാറല്ല. തിരുവനന്തപുരത്തെത്തി മൊഴി നല്‍കിയാല്‍ ജാമ്യ ഉപാധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാനാണ് പൊലീസിന്റെ കരുനീക്കമെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.എന്നാല്‍ പോലീസ് രേഖാമൂലം നോട്ടീസ് നല്‍കി വിളിക്കുന്നതിനാല്‍ ജാമ്യ ഉപാധി തടസമാവില്ലെന്നു പോലീസ് വാദിക്കുന്നു. പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് ഉപാധിയില്‍ ഇളവ് വാങ്ങി വരട്ടേയെന്ന നിലപാടില്‍ പോലീസ് കാത്തിരിക്കുകയാണ്. ഇതോടെ ഇടത് കണ്‍വീനറും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതികളായ കേസില്‍ വീണ്ടും കോടതി ഇടപെടേണ്ട സാഹചര്യം വരും.