ബംഗളൂരു : കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമര സംഭവിക്കുമെന്ന് ജെഡിഎസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കോൺഗ്രസ് സർക്കാരിലെ മന്ത്രി 50 മുതല്‍ 60 എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നേക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ കേസുകളിൽ നിന്ന് രക്ഷപെടാനായിരിക്കും ഭരണകക്ഷിയായ കോൺഗ്രസിലെ സ്വാധീനമുള്ള മന്ത്രി ബിജെപിയിൽ ചേരുകയെന്നും കുമാരസ്വാമി അവകാശപ്പെട്ടു. മന്ത്രി കോൺഗ്രസ് പാർട്ടി വിട്ട് 50 മുതൽ 60 വരെ എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്നേക്കും. അദ്ദേഹം ഇപ്പോൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണ്. കോൺഗ്രസ് സർക്കാരിൽ എല്ലാം ശരിയല്ല. ഈ സർക്കാർ എപ്പോൾ വീഴുമെന്ന് എനിക്കറിയില്ല. സ്വാധീനമുള്ള ഒരു മന്ത്രി തനിക്കെതിരായ കേസുകളിൽ നിന്ന് രക്ഷപെടാന്ആഗ്രഹിക്കുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയിൽ ചേരാനാണ് കോൺഗ്രസ് മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചത്. ആറുമാസം സാവകാശം തരണമെന്നും മന്ത്രി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും -കുമാരസ്വാമി പറഞ്ഞു.
നേതാവിന്റെ പേര് പറയണമെന്ന് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പേര് വെളിപ്പെടുത്തിയില്ല. ചെറിയ നേതാവല്ലെന്നും വലിയ നേതാവാണെന്നും അദ്ദേഹം സൂചന നല്‍കി. കർണാടകയിൽ ഏതുനിമിഷവും മഹാരാഷ്ട്രയെപ്പോലെ എന്തെങ്കിലും സംഭവിക്കുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മുന്നറിയിപ്പ് നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കർണാടകത്തിൽ എന്തും സംഭവിക്കാം. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റ് നേടി. എന്നാൽ അവരുടെ യഥാർഥ സ്ഥാനമെന്താണെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അറിയാമെന്നും കുമാരസ്വാമി പറഞ്ഞു.