കോഴിക്കോട്: സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ, ഇന്ത്യയില്‍ നിന്ന് അധ്യാപകരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയുടെ നടപടിക്രമങ്ങളിലെ വീഴ്ച മൂലം നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് ടെസ്റ്റ് എഴുതാനോ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനോ കഴിഞ്ഞില്ല. ഡല്‍ഹിയിലും ബംഗളൂരുവിലുമായിരുന്നു പരീക്ഷ കേന്ദ്രങ്ങൾ. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ദീര്‍ഘദൂരം യാത്ര ചെയ്ത് തലേ ദിവസം തന്നെ വന്ന് ഹോട്ടലുകളില്‍ താമസിച്ച് ടെസ്റ്റ് എഴുതാന്‍ എത്തിയര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. ഇതേക്കുറിച്ച് പരീക്ഷാ സെന്ററിലുണ്ടായിരുന്ന ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി പോലും ലഭിച്ചില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.
അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഡല്‍ഹിയിലും ബംഗളൂരുവിലുമാണ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനുമുള്ള സെന്റര്‍ നിശ്ചയിച്ചിരുന്നത്. ഒരാഴ്ച മുന്‍പായിരുന്നു ഡല്‍ഹിയിലെ ടെസ്റ്റ്. ബംഗളൂരിവിലെ ടെസ്റ്റ് ജൂണ്‍ 22നും ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇന്റര്‍വ്യൂ 23നുമായിരിക്കുമെന്നായിരുന്നു ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നത്. ഇതുപ്രകാരമുള്ള ഹാള്‍ ടിക്കറ്റും മൂന്നാഴ്ച മുമ്പ് അയച്ചിരുന്നു. അതുപ്രകാരം ഇന്ന് (ജൂണ്‍ 22) ടെസ്റ്റ് എഴുതാന്‍ ചെന്നവരോട് ടെസ്റ്റ് ഇന്നലെ ആയിരുന്നുവെന്നും ഇക്കാര്യം ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്നുമാണ് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്.