കൊച്ചി: സാങ്കേതിക പിഴവുകള്‍ കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ജെസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുളള ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു. കാഞ്ഞിരപ്പളളി എസ്.ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതായത്. രണ്ട് വര്‍ഷത്തോളമായി ജെസ്‌നയെ കാണാനില്ലെന്നും ഇതില്‍ കോടതി ഇടപെടണം എന്നാവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായുളള ക്രിസ്‌ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജിയിലെ സാങ്കേതിക പിഴവുകള്‍ ശ്രദ്ധയില്‍പെടുത്തിയ ജസ്‌റ്റിസ് വിനോദ് ചന്ദ്രന്‍, എം.ആര്‍ അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഹര്‍ജി തളളുമെന്ന് മുന്നറിയിപ്പ് തന്നതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. സംസ്ഥാന പോലീസ് മേധാവിയെയും മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി, കേസ് അന്വേഷിച്ച പത്തനംതിട്ട മുന്‍ എസ്.പി കെ.ജി സൈമണ്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി നല്‍കിയത്. കേസന്വേഷണ ഘട്ടം മുതല്‍ ജെസ്‌നയെ കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷവും ജെസ്‌ന കാണാമറയത്താണ്.