കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥി ജസ് പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥിയുടെ കുടുംബം രംഗത്ത്. പ്രിന്‍സിപ്പലിന്റെ കാലുപിടിച്ച് അപേക്ഷിച്ചിട്ടും അദ്ദേഹം പിടിവാശിയില്‍ ഉറച്ചുനിന്നതുകൊണ്ടു മാത്രമാണ് ജസ് പ്രീത് സിംഗ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.
മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയിട്ടും അദ്ദേഹം പിടിവാശി ഉപേക്ഷിച്ചില്ല. വിഷയത്തില്‍ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. പ്രിന്‍സിപ്പലിനെതിരേ നടപടിയെടുക്കണം. വിഷയത്തില്‍ പ്രിന്‍സിപ്പല്‍ മാപ്പു പറയണമെന്നും കുടുംബം ആവശ്യപ്പെട്ടു. ജസ് പ്രീത് സിങ് ആത്മഹത്യയില്‍ ഇന്നലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ അറിയിച്ചു. ഡി.ജി.പി, കോഴി ക്കോട് ജില്ലാ കലക്ടര്‍, കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.