തൃശ്ശൂര്‍ : തൃശൂരിലെ ജ്വല്ലറിയില്‍ നിന്നും മൂന്നു കിലോ സ്വര്‍ണം കവര്‍ന്നെന്ന പരാതി ഉടമ കെട്ടിച്ചമച്ചതെന്ന് പോലീസിന് സംശയം. മൂന്നുപീടികയിലെ ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറി കവര്‍ച്ചക്കേസില്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ്. ഉടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യംചെയ്തതില്‍നിന്നാണ് ഈ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്.
മൂന്ന് കിലോയില്‍ അധികം സ്വര്‍ണം നഷ്ടപ്പെട്ടു എന്നായിരുന്നു ജ്വല്ലറി ഉടമകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജ്വല്ലറിയില്‍ സ്വര്‍ണം ഉണ്ടായിരുന്നില്ല എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വായ്പ തിരിച്ചടവില്‍ നിന്ന് രക്ഷപ്പെടാനുള്ള നാടകമാണോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്ന് ആരോ അകത്തുകടന്നിട്ടുണ്ട്. എന്നാല്‍, ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. അതേസമയം കടയിലെ സെയില്‍സ് കൗണ്ടറിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങള്‍ സ്വര്‍ണമായിരുന്നില്ല.
ആറുകിലോ സ്വര്‍ണം സ്റ്റോക്കുണ്ടെന്നു കാണിച്ച് ബാങ്കില്‍നിന്ന് ഉടമ വന്‍തുക വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയ്ക്ക് ബാങ്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
സ്വര്‍ണം നഷ്‌ടപ്പെട്ടതായി കാണിച്ച് വായ്പതിരിച്ചടവില്‍നിന്ന് രക്ഷപ്പെടാനായി ഉടമ കെട്ടിച്ചമച്ച കഥയാണോ മോഷണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. നിരവധിയാളുകളില്‍നിന്നും പണം നിക്ഷേപമായി സ്വീകരിച്ച് പലവിധ ബിസിനസുകള്‍ നടത്തിയ ഉടമയ്ക്ക് ഇതില്‍ കനത്ത നഷ്ടം സംഭവിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്‌ച രാവിലെ പത്തോടെയാണ് ജ്വല്ലറി മോഷണക്കഥ പുറത്തറിയുന്നത്. ആറുമാസമായി കച്ചവടവും ആളനക്കവുമില്ലാതെ കിടന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറി കുത്തിത്തുറന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്നുവെന്നാണ് പരാതി. ഭിത്തിയുടെ ദ്വാരം ചെറുതായിരുന്നതും ലോക്കര്‍ പൊളിക്കാതിരുന്നതും പോലീസിനെ സംശയത്തിലാക്കി. സിസിടിവിയോ സെക്യൂരിറ്റിയോ ജ്വല്ലറിക്കുണ്ടായിരുന്നില്ല.