പത്തനംതിട്ട : അധികാര വികേന്ദ്രീകരണത്തിന് കേരള മാതൃക സൃഷ്ടിച്ച ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ആഘോഷ പരിപാടികള്‍ ഈ മാസം 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും.
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ പ്രസിഡന്റുമാരായിരുന്ന ഡോ. മേരി തോമസ് മാടോലില്‍, മാത്യു കുളത്തുങ്കല്‍, കെ.കെ. റോയ്സണ്‍, അപ്പിനഴികത്ത് ശാന്തകുമാരി, ബാബു ജോര്‍ജ്, ഡോ. സജി ചാക്കോ, അഡ്വ. ആര്‍. ഹരിദാസ് ഇടത്തിട്ട, അന്നപൂര്‍ണാ ദേവി എന്നിവരെ ആദരിക്കും. ഭരണസമിതി അംഗങ്ങളായിരുന്ന എല്ലാവരേയും ഓണ്‍ലൈന്‍ വഴി ആദരിക്കും. പിന്നീട് അവര്‍ക്കുള്ള മൊമന്റോ വീടുകളില്‍ എത്തിച്ചു നല്‍കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 17ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആഘോഷ പരിപാടികള്‍ നടക്കും. പത്തനംതിട്ട ജില്ലയിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്ഥാപനങ്ങളിലും കാണാന്‍ കഴിയുന്ന വിധത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് 20 പേര്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ജില്ലയിലെ എല്ലാ നഗരസഭകളിലും ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുന്‍കാല ജനപ്രതിനിധികളെയും ആസൂത്രണ പ്രവര്‍ത്തകരെയും ആദരിക്കല്‍, സെമിനാറുകള്‍, കലാപരിപാടികള്‍ തുടങ്ങിയവ നടത്തും. കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു റിപ്പോര്‍ട്ട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അവതരിപ്പിക്കും. 25 വര്‍ഷം മുന്‍പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച വികസന രേഖ കാലോചിതമായി പരിഷ്‌കരിച്ച് പുനപ്രസിദ്ധീകരിക്കും.
ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 17 മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും മുന്‍കാല ജനപ്രതിനിധികളെയും ആസൂത്രണ പ്രവര്‍ത്തകരെയും ആദരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസന ഫണ്ടില്‍ 35 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതിന്റെ ഫലമായി ത്രിതല പഞ്ചായത്തുകളെയും നഗരസഭകളെയും ശാക്തീകരിക്കാന്‍ കഴിഞ്ഞു.
പ്രാദേശിക വികസന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഗ്രാമസഭകളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്ന രീതി വിജയകരമായി നടപ്പാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം പ്രാദേശിക തലത്തില്‍ ഏകോപിപ്പിക്കാനും കഴിഞ്ഞെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.