പത്തനംതിട്ട : ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ എല്ലാ സ്ഥലങ്ങളിലും ടാങ്കര്‍ ലോറികളില്‍ അടിയന്തിരമായി സൗജന്യ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. രാജു ഏബ്രഹാം എംഎല്‍എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ജല അതോറിറ്റിയുടെ പ്രവര്‍ത്തനം നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുന്നതിന് യോഗം വിളിച്ചു ചേര്‍ക്കണം. വടശേരിക്കര തെക്കുംമല ക്ഷേത്രം-നെല്ലിപ്പാറ റോഡില്‍ പൈപ്പ് തകര്‍ന്നത് പരിഹരിക്കണം. കുഴല്‍ കിണറുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
തോട്ടഭാഗം- ചങ്ങനാശേരി, കുറ്റൂര്‍-കിഴക്കന്‍മുത്തൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. അടൂര്‍ നിയോജകമണ്ഡലത്തില്‍ പല സ്ഥലത്തും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. മണ്ണടി പടിഞ്ഞാറ് രണ്ടുമാസമായി പൈപ്പ് പൊട്ടി ജലം പാഴാകുന്നതിന് പരിഹാരം കാണണം. ഏഴംകുളം കല്ലേത്ത്ഭാഗത്ത് കുടിവെള്ളം ലഭിക്കുന്നില്ല. കെഎപി കനാല്‍ വൃത്തിയാക്കണമെന്നും കനാലില്‍ പുല്ല് വളര്‍ന്നതു മൂലം വെള്ളം തുറന്നു വിടാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പുറമറ്റം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കുളനട വെട്ടിക്കുന്ന് കോളനിയില്‍ എല്ലാവര്‍ക്കും കുടിവെള്ളം ലഭിക്കുന്ന രീതിയില്‍ വാട്ടര്‍ അതോറിറ്റി പദ്ധതി നടപ്പാക്കണമെന്നും വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചു.
കോഴഞ്ചേരി, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍ പറഞ്ഞു. എഴുമറ്റൂര്‍ ആശ്രമം, താന്നിക്കല്‍പ്പടി, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു.
അപ്പര്‍ക്കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് എതിരേ ബാങ്കുകള്‍ ആരംഭിച്ച ജപ്തി നടപടി നിര്‍ത്തിവയ്ക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തിരുവല്ല മഴുവങ്ങാടിനു സമീപം പുതിയ ബൈപ്പാസ് റോഡിന്റെ വശങ്ങള്‍ മണ്ണിട്ട് നികത്തിയതു മൂലം വീടുകളില്‍ വെള്ളം കയറുന്നതായും പരിഹാരം വേണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. നിലം നികത്തുന്നതിനെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ വൈദ്യുതി തകരാര്‍ പരിഹരിക്കണം. ഇതു മൂലം ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് 30ന് രാവിലെ 11ന് ബന്ധപ്പെട്ടവരുടെ യോഗം ആശുപത്രിയില്‍ വിളിക്കണം.
ചെങ്ങരൂര്‍ മങ്കുഴിപ്പടി റോഡിലെ വൈദ്യുതി ലൈന്‍ ഉയര്‍ത്തണം. തിരുവല്ല മഴുവങ്ങാട് വീണ്ടും കൈയേറ്റമുണ്ടായത് കെഎസ്ടിപി പരിശോധിക്കണം. കുന്നന്താനം പാലക്കാത്തകിടി ഗവ. സ്‌കൂളിന്റെ വികസന പ്രവര്‍ത്തനത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ നാലു വര്‍ഷമായിട്ടും വിനിയോഗിക്കാത്തതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഫയല്‍ വിളിച്ചു വരുത്തി നടപടിയെടുക്കണം. എംഎല്‍എ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന മല്ലപ്പള്ളി ടോയ്‌ലറ്റ് കോംപ്ലക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിക്കണം. റോഡ് വികസനത്തിന് സൗജന്യമായി ഭൂമി നല്‍കുന്നവരെ പിന്നീട് ബുദ്ധിമുട്ടിക്കരുതെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല ബൈപ്പാസിന്റെ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗം മാര്‍ച്ച് ഒന്നിനും ബാക്കി ഭാഗം ഏപ്രില്‍ അവസാനവും ഉദ്ഘാടനം ചെയ്യുമെന്ന് കെഎസ്ടിപി അധികൃതര്‍ എംഎല്‍എയെ അറിയിച്ചു.
വന്യജീവികളുടെ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ ഫെബ്രുവരി 15ന് മുന്‍പ് ചേരണമെന്ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. ജാഗ്രതാ സമിതികളില്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് വിശദീകരിക്കണം. പന്നി ശല്യം രൂക്ഷമായതു മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിന് പരിഹാരം കാണണം. മണ്ണടിശാല, അരയാഞ്ഞിലിമണ്‍, മുക്കുഴി, കോട്ടൂപ്പാറ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യണം. പെരുമ്പെട്ടി വനഭൂമിക്ക് പുറത്തായിട്ടും പട്ടയം നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നു. ആദിവാസികള്‍ക്ക് കൈവശരേഖയ്ക്ക് പകരം പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കണം. മണിയാര്‍ ടൂറിസം പദ്ധതി നടപ്പാക്കണം. കനകപ്പലം -വെച്ചൂച്ചിറ റോഡിലെ പോസ്റ്റുകള്‍ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം. കോട്ടാങ്ങല്‍ പഞ്ചായത്തില്‍ മുടങ്ങി കിടക്കുന്ന പിഎംജിഎസ് വൈ റോഡ് നിര്‍മാണം റീ ടെന്‍ഡര്‍ ചെയ്യണം. കട്ടിക്കല്‍ പിഎംജിഎസ്‌വൈ പദ്ധതിയില്‍ നിര്‍മിച്ച റോഡിലെ അപാകത പരിഹരിക്കണം. ളാഹ ട്രൈബല്‍ കോളനിയില്‍ അംഗന്‍വാടി നിര്‍മിക്കണം. പെരുനാട് ഒന്നര ഏക്കര്‍ സ്ഥലത്ത് സൗജന്യമായി നിര്‍മിച്ചു നല്‍കിയ 10 വീടുകളില്‍ കഴിയുന്നവര്‍ക്ക് വസ്തു പേരില്‍ കൂട്ടി നല്‍കണം. എംഎല്‍എമാരുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ഫെബ്രുവരി 15ന് യോഗം വിളിക്കണം. ശബരിമല റോപ്‌വേ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിംഗിന് തീയതി നിശ്ചയിക്കണം. റാന്നി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവ് നല്‍കണമെന്നും രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു.
പത്തനംതിട്ട വാര്യാപുരത്തിനു സമീപം പുളിമൂട്ടില്‍ നിലം നികത്തിയത് പൂര്‍വസ്ഥിതിയിലാക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചു. മാലിന്യപ്രശ്‌നത്തിനും തെരുവ്‌നായ ശല്യത്തിനുമെതിരേ പത്തനംതിട്ട നഗരസഭ നടപടിയെടുക്കണം. വടശേരിക്കര, റാന്നി ബസുകള്‍ മൈലപ്രയ്ക്കു പോകാതെ ട്രിപ്പ് മുടക്കുന്നതിനെതിരേ നടപടി സ്വീകരിക്കണം. പോളച്ചിറ ടൂറിസം പദ്ധതി ഏറ്റെടുത്ത് നടത്തുന്നതിന് ഡിടിപിസിയെ ചുമതലപ്പെടുത്തണം. പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസിന് സ്ഥലം കണ്ടെത്തി നല്‍കണം. ഓമല്ലൂര്‍-പന്തളം, മഞ്ഞനിക്കര-ഇലവുംതിട്ട-മുളക്കുഴ റോഡിലെ വൈദ്യുത പോസ്റ്റുകള്‍ വശങ്ങളിലേക്ക് മാറ്റണം. ഈ റോഡിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണം. മാരാമണ്‍, മഞ്ഞനിക്കര, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകളുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചു.
ജില്ലയില്‍ ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് ഫയലുകളില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതു കണ്ടെത്തുന്നതിന് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. മണ്ണിടിഞ്ഞ് വീടിനു നാശം സംഭവിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കു ലഭിച്ച പരാതി കൈമാറിയിട്ടും ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടപടി യഥാസമയം സ്വീകരിച്ചില്ലെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു. അടൂര്‍ നിയോജകമണ്ഡലത്തിലെ പറക്കോട്-കൊടുമണ്‍, ഏഴംകുളം-ഏനാത്ത്, കരുവാറ്റ-തട്ട, കൊടുമണ്‍-അങ്ങാടിക്കല്‍, അടൂര്‍-മണ്ണടി, പറക്കോട്-ഐവര്‍കാല റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. ഇവി റോഡില്‍ ആസാദ് ജംഗ്ഷന്‍ മുതല്‍ ചേന്നംപള്ളി വരെയുള്ള കുഴി അടിയന്തിരമായി അടയ്ക്കണം. കെപി റോഡില്‍ ജനറല്‍ ആശുപത്രിക്കു സമീപം ഓട നിര്‍മിക്കണം. അടൂര്‍ പാര്‍ഥസാരഥി റോഡിന്റെ അറ്റകുറ്റപ്പണി നടത്തണം. അടൂര്‍ വെറ്ററിനറി പോളി ക്ലിനിക്ക്, വെറ്ററിനറി സബ് സെന്റര്‍, മണ്ണടി പുല്ലവേലില്‍ അംഗന്‍വാടി, അന്തിച്ചറ പിഎച്ച്‌സി, ചൂരക്കോട് ആയുര്‍വേദ ആശുപത്രി എന്നിവയുടെ നിര്‍മാണം നടത്തണം. എക്‌സൈസ് കോംപ്ലക്‌സ്, എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ നല്‍കിയ ചൂരക്കോട് ഗവ.എല്‍പിഎസ് കെട്ടിടം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കണം. അച്ചന്‍കോവിലാര്‍, കല്ലടയാര്‍ എന്നിവയുടെ തീരം ഇടിയുന്നതു മൂലമുണ്ടായിട്ടുള്ള അപകടഭീഷണിക്ക് പരിഹാരം കാണണം. തുമ്പമണ്‍, മുട്ടം, പന്തളം ക്ഷേത്രം എന്നിവിടങ്ങളില്‍ തീരം ഇടിഞ്ഞ് അപകടാവസ്ഥയുണ്ട്. നദീ തീരം ഇടിയുന്നതുമൂലം വീടുകളും അപകടഭീഷണി നേരിടുന്നുണ്ട്. കല്ലട ഇറിഗേഷന്‍ പാലത്തിന് കിഴക്കുവശത്തും മണ്ണ് ഇടിഞ്ഞിട്ടുണ്ട്. പന്തളം പറന്തല്‍ വലിയതോട് നവീകരിക്കണം. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ട്രോമാ കെയര്‍ നിര്‍മാണം പൂര്‍ത്തിയാക്കണം. കല്ലുകുഴി-ഗണേശവിലാസം റോഡ് ബിഎംബിസി ചെയ്യണം. ഐരാണിക്കുഴി ഷട്ടറിന്റെ തകരാര്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ ആലപ്പുഴ കളക്ടറുമായി ബന്ധപ്പെട്ട് നടപടി ഉറപ്പാക്കണം. അടൂര്‍ ബൈപ്പാസിനും പിഡബ്ല്യു റോഡിനും മധ്യേ വേ ബ്രിഡ്ജിനു സമീപം 50 സെന്റ് സ്ഥലം നികത്തിയത് പരിശോധിക്കണം. സെറ്റില്‍മെന്റ് രജിസ്റ്റര്‍ പരിശോധിച്ച് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു.
കനാലുകളുടെ വാര്‍ഷിക പരിപാലനം പഞ്ചായത്തുകളുടെ ചുമതലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍ പറഞ്ഞു. തോട്ടപ്പുഴശേരി വലിയ തോടിന്റെ വശങ്ങള്‍ കെട്ടി സംരക്ഷിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
വന്യമൃഗശല്യം കുറയ്ക്കുന്നതിന് വേലി നിര്‍മിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് പറഞ്ഞു. വന്യ ജീവികള്‍ കൃഷി നശിപ്പിക്കുന്നതു മൂലം കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടിലാണ്. പന്നി ശല്യം മൂലം കാര്‍ഷിക വിളകള്‍ നശിക്കുകയാണ്. കുരുമ്പന്‍മൂഴി ചണ്ണയില്‍ കടുവ മൂന്നു തവണ ഇറങ്ങുകയും പശുവിനെ പിടിച്ചു കൊണ്ടു പോകുകയും ചെയ്‌തെന്നും ജനങ്ങളുടെ ഭീതി അകറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.
മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകളുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി മികച്ച സേവനം ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു. വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് ബാങ്കുകള്‍ സാവകാശം നല്‍കണം. എഴുമറ്റൂരില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആരംഭിക്കണം. കോമളം-കുരിശുകവല ഭാഗത്ത് റോഡ് ഉയര്‍ത്തി നവീകരിക്കണം. എഴുമറ്റൂര്‍ പഞ്ചായത്തിലെ കാന്‍സര്‍ രോഗബാധ സംബന്ധിച്ച് എന്‍എച്ച്എം പഠനം നടത്തണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍കുമാര്‍, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ വി.ആര്‍. മുരളീധരന്‍ നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.