ഇന്ത്യയിലെ രണ്ട് പ്രധാന ടെലിക്കോം കമ്പനികളാണ് റിലയൻസ് ജിയോയും എയർടെലും. വരിക്കാരുടെ എണ്ണം വച്ച് വിലയിരുത്തിയാൽ ജിയോയാണ് മുന്നിൽ. എയർടെൽ രണ്ടാം സ്ഥാനത്തേ വരൂ. ടെലിക്കോം രംഗത്തെ പ്രധാനമത്സരം ജിയോയും എയർടെലും തമ്മിലാണെന്ന് പറയാം. വിഐയും ബിഎസ്എൻഎല്ലും കളത്തിലുണ്ടെങ്കിലും വീഴാതെ പിടിച്ചുനിൽക്കാനുള്ള പോരാട്ടം മാത്രമാണ് അവരുടേത്. വിപണിയിൽ ആധിപത്യം നേടാനുള്ള മത്സരം യഥാർഥത്തിൽ നടക്കുന്നത് ജിയോയും എയർടെലും തമ്മിലാണ്. രണ്ട് കമ്പനികളും വരിക്കാരെ ആകർഷിക്കാൻ വ്യത്യസ്തങ്ങളായ റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കാറുണ്ട്. ഈ പ്ലാനുകളിൽ വരിക്കാരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് തന്നെ തങ്ങളുടേതായ കൈമുദ്ര പതിപ്പിക്കാൻ ഇരുകമ്പനികളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിനാൽത്തന്നെ ഇവരുടെ പ്ലാനുകൾ വേറിട്ടുനിൽക്കുന്നു.
ഏതാനും ദിവസം മുമ്പ് ജിയോ തങ്ങളുടെ 119 രൂപയുടെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിൽനിന്നും പിൻവലിക്കുകയുണ്ടായി. അതോടെ തൊട്ടടുത്ത ഓപ്ഷനായ 149 രൂപയുടെ പ്ലാൻ ജിയോയുടെ എൻട്രിലെവൽ പ്ലാൻ എന്ന സ്ഥാനത്തേക്ക് എത്തി. 119 രൂപയുടെ പ്ലാൻ പിൻവലിച്ചതിലൂടെ അപ്രഖ്യാപിത നിരക്കു വർധനയാണ് ജിയോ നടപ്പാക്കിയത്. മുൻപ് റീച്ചാർജിനായി 119 രൂപ മുടക്കിയിരുന്നവർ ഇനി കുറഞ്ഞത് 149 രൂപ മുടക്കേണ്ടിവരും. ലഭ്യമാകുന്ന ആനുകൂല്യങ്ങളിൽ അതിന്റേതായ വ്യത്യാസം ഉണ്ടാകുമെങ്കിലും പ്ലാൻ റദ്ദാക്കൽ ഒട്ടേറെപ്പേർക്ക് തിരിച്ചടിയാണ്. 99 രൂപയുടെ പ്ലാൻ നിർത്തലാക്കി 155 രൂപയുടെ പ്ലാൻ എൻട്രിലെവൽ പ്ലാൻ സ്ഥാനത്തേക്ക് കൊണ്ടുവന്ന എയർടെൽ തന്ത്രം തന്നെയാണ് ഇവിടെ ജിയോയും പയറ്റിയത്. 119 രൂപയുടെ പ്ലാൻ പിൻവലിച്ച് പകരം 149 രൂപയുടെ പ്ലാൻ ആ സ്ഥാനത്തേക്ക് വന്നതോടുകൂടി ജിയോയുടെയും എയർടെലിന്റെയും അടിസ്ഥാന പ്ലാനുകൾ തമ്മിൽ വലിയ വ്യത്യാസം ഇല്ലാതായി. കമ്പനികൾ തമ്മിലുള്ള ഈ വ്യത്യാസം നേർത്തുവരുന്നത് വരിക്കാർക്കാണ് തിരിച്ചടിയാകുന്നത്. ടെലിക്കോം കമ്പനികൾ എത്ര തുക പറയുന്നോ അത്രയും തുക തന്നെ നൽകി നാം ആ പ്ലാൻ തെരഞ്ഞെടുക്കേണ്ടിവരുന്നു.
ഒരു കമ്പനിയുടെ പ്ലാൻ ഇഷ്ടപ്പെടാതെ മറ്റൊരു കമ്പനിയിലേക്ക് പോകാമെന്നു വച്ചാൽ അവിടെയും അതുതന്നെ എന്ന അവസ്ഥ വരിക്കാരെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ല. ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ കമ്പനി നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന പ്ലാനെങ്കിലും തെരഞ്ഞെടുത്തേ മതിയാകൂ. അതിന് ഉയർന്ന നിരക്ക് നൽകേണ്ടിവരുന്നത് ഏറ്റവും തിരിച്ചടിയാകുക സാധാരണക്കാർക്കാണ്. ഇപ്പോൾ ജിയോയുടെ അടിസ്ഥാന പ്ലാന് നൽകേണ്ടിവരുന്ന 149 രൂപ എയർടെലിന് നൽകിയിരുന്നെങ്കിൽ എന്ത് കിട്ടുമായിരുന്നു എന്നും, എയർടെലിന്റെ അടിസ്ഥാന പ്ലാന് നൽകേണ്ടിവരുന്ന 155 രൂപ ജിയോയ്ക്ക് നൽകിയിരുന്നെങ്കിൽ എന്ത് കിട്ടുമായിരുന്നു എന്നും പരിശോധിക്കാം. അതായത് ആർക്ക് കാശ് കൊടുക്കുന്നതാണ് കുറച്ചെങ്കിലും ലാഭം എന്ന് നോക്കാം.
ജിയോയുടെ ഇപ്പോഴത്തെ അടിസ്ഥാന പ്ലാൻ എയർടെലിലാണ് മുടക്കുന്നത് എങ്കിൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ലഭിക്കുക 148 രൂപ, 149 രൂപ എന്നീ നിരക്കുകളിലുള്ള രണ്ട് പ്ലാനുകളാണ്. ഇതിൽ 148 രൂപയുടെ പ്ലാൻ 15 ജിബി ഡാറ്റ നൽകുന്നു. ഉപയോക്താവ് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. കോൾ, എസ്എംഎസ് സൗകര്യങ്ങളൊന്നും ഈ പ്ലാനിൽ ലഭിക്കില്ല. കാരണം ഇതാരു ഡാറ്റ ബൂസ്റ്റർ പ്ലാനാണ്. പക്ഷേ, 28 ദിവസത്തേക്ക് എക്‌സ്‌ട്രീം ആപ്പിലേക്ക് ആക്‌സസ് ലഭിക്കും. 149 രൂപയുടെ എയർടെൽ പ്ലാൻ ആകെ 1 ജിബി ഡാറ്റയാണ് നൽകുക. ഉപയോക്താവിന്റെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ കാലഹരണപ്പെടുന്നതുവരെ ആണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. എന്നാൽ, ഈ പ്ലാൻ 30 ദിവസത്തേക്ക് എയർടെൽ എക്‌സ്ട്രീം പ്രീമിയത്തിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു. 15-ൽ അധികം ഒടിടി ആപ്പുകൾ എയർടെൽ എക്സ്ട്രീമിൽ ഉൾപ്പെടുന്നു. എയർടെൽ എക്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ ഈ 15 പ്ലാറ്റ്ഫോമുകളിലെയും സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. ഈ പ്ലാനിലും കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല.
ഇനി ജിയോയുടെ അടിസ്ഥാന പ്ലാനിനെക്കാൾ 6 രൂപ കൂടുതലുള്ള എയർടെലിന്റെ എൻട്രിലെവൽ പ്ലാനിൽ എന്താണ് ലഭിക്കുക എന്ന് നോക്കാം. 155 രൂപയുടെ എയർടെൽ റീച്ചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 300 എസ്എംഎസ്, വിങ്ക് മ്യൂസിക് പ്രീമിയം, സൗജന്യ ഹലോട്യൂൺസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ആകെ 1ജിബി ഡാറ്റ മാത്രമേ എയർടെലിന്റെ ഈ അടിസ്ഥാന പ്ലാനിൽ ലഭ്യമാകൂ. എന്നാൽ, ജിയോയുടെ പ്ലാൻ ഇതിനെക്കാൾ മെച്ചമാണ്. 149 രൂപയുടെ ജിയോ പ്ലാൻ അൺലിമിറ്റഡ് കോൾ, പ്രതിദിനം 1GB ഡാറ്റ, 100 എസ്എംഎസ് എന്നിവ 20 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു. പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം ജിയോസിനിമ, ജിയോക്ലൗഡ്, ജിയോടിവി എന്നീ അധിക ആനുകൂല്യങ്ങളും ലഭിക്കും. ചുരുക്കത്തിൽ അടിസ്ഥാന പ്ലാനിന് ഇനി മുൻപ് നൽകിയിരുന്നതിനെക്കാൾ കൂടുതൽ തുക നൽകണമെങ്കിലും ജിയോ വരിക്കാർ നിരാശരാകേണ്ടതില്ല. തൊട്ടടുത്ത എതിരാളിയായ എയർടെലിനെക്കാൾ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ അടങ്ങുന്ന പ്ലാൻ ആണ് ജിയോയുടെ 149 രൂപയുടെ റീച്ചാർജ് പ്ലാൻ. അതേസമയം, എയർടെൽ സേവനങ്ങളിൽ അതിന്റെ വരിക്കാർ തൃപ്തരാണ്. അതിനാൽ അവർക്കും ലഭ്യമായ പ്ലാനുകളുമായി സന്തോഷത്തോടെ മുന്നോട്ട് പോകാൻ സാധിക്കുന്നു.