മാന്നാര്‍ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത യുവാവിന്റെ വീടിനുമുമ്പില്‍ തട്ടിപ്പിനിരയായവരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധം.
കടപ്ര സൈക്കിള്‍മുക്ക് മൂന്നാംകുരിശിന് സമീപം കിഴക്കേ തേവര്‍കുഴിയില്‍ വീട്ടില്‍ അജിന് ജോര്‍ജ്ജിന്റെ വീടിന് മുമ്പിലാണ് തട്ടിപ്പിനിരയായവരും കുടുംബാംഗങ്ങളും പ്രതിഷേധിച്ചത്. ദുബൈയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള ഹോട്ടല്‍ മാനേജ്മെന്റ് ഉദ്യോഗാര്‍ഥികള്‍ അടക്കമുള്ളവരില്‍നിന്ന് അജിന് പണം തട്ടിയത്. അറുപതോളം പേര് അജിന്റെ തട്ടിപ്പിന് ഇരകളായതായാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്കെതിരെ പെരുമ്പാവൂര്‍, പുളിക്കീഴ്, ആലപ്പുഴയിലെ നെടുമുടി, കോട്ടയം കിഴക്കുംഭാഗം, തൃശൂര്‍ പഴയന്നൂര്‍ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളില്‍ വഞ്ചനക്കുറ്റമടക്കം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 50,000 രൂപ മുതല്‍ ഒന്നര ലക്ഷം വരെ നഷ്ടമായവരാണ് തട്ടിപ്പില്‍ ഇരയായവരില്‍ ഏറെയും.
വ്യാജ വിസ നല്കി കബളിപ്പിച്ചതായും തട്ടിപ്പിനിരയായവരില്‍ പലരും പറയുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി പരാതി നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ലാതിരുന്നതിനെത്തുടര്ന്നാണ് രാവിലെ 11 മണിയോടെ തട്ടിപ്പിനിരയായവരില്‍ ചിലരും ബന്ധുക്കളും അജിന്റെ വീട്ടിലെത്തിയത്. തട്ടിപ്പിനിരയായവരുടെ ബന്ധുക്കള്‍ വിവരങ്ങള്‍ സംസാരിക്കുന്നതിനിടെ ബന്ധുക്കളെ കൈയേറ്റം ചെയ്യാന്‍ അജിന്റെ മാതാവ് ശ്രമിച്ചു.
ഇതോടെ രംഗം വഷളായി. സംഭവമറിഞ്ഞ് പുളിക്കീഴ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് പ്രതിഷേധക്കാരും കുടുംബാംഗങ്ങളുമായി എസ്.ഐ ചര്‍ച്ച നടത്തി. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്മേല് ശക്തമായ അന്വേഷണം നടത്തുമെന്നും നീതി ലഭ്യമാക്കുമെന്നും എസ്.ഐ അനീഷ് ഉറപ്പുനല്‍കിയതോടെയാണ് തട്ടിപ്പിനിരയായവര്‍ പിരിഞ്ഞുപോയത്.