റാന്നി: എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച് തൊഴിലുറപ്പ് സൈറ്റിലെ തൊഴിലാളികൾ ഛർദിച്ച് മയങ്ങി വീണു. പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാട് തൊഴിലുറപ്പ് തൊഴിലാളികളാണ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ ഗുളിക കഴിച്ചു ചികിത്സയിലായത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എലിപ്പനിയുടെ ഗുളിക തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൊടുക്കുകയും അവരത് കഴിക്കുകയും ചെയ്തിരുന്നു. ഗുളിക കഴിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ രണ്ടുപേർ കുഴഞ്ഞുവീഴുകയും ബാക്കിയുള്ളവർ ഛർദ്ദിച്ച് അവശരാവുകയും ചെയ്തു. ഉടൻതന്നെ ഇവര്‍ അഞ്ചുപേരേയും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും സ്ഥിതി വഷളായ രണ്ടു പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയൂം ചെയ്തു.
ഇതില്‍ ഒരാളുടെ അപകടനില ഇതുവരെയും തരണം ചെയ്തിട്ടില്ല. പെരുനാട് കക്കാട് റാണി ഭവൻ ശ്രീലത മണി, തെക്കേടത്ത് ഗീത പ്രകാശ്, തുണ്ടുമണ്ണിൽ ജാന്‍സി, പീടികയിൽ സാലി രാജു, മേലേപീടികയിൽ കുഞ്ഞുമോള്‍ ജോയിക്കുട്ടി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുളിക വിതരണം ചെയ്യുന്നതിന് മുമ്പ് വാർഡംഗത്തെ അറിയിച്ചില്ലെന്നും ആരോപണം ഉയര്‍ന്നു. ആഹാരം കഴിച്ച ശേഷമാണ് ഈ ഗുളികകൾ കഴിക്കേണ്ടത്. എന്നാൽ ആരോഗ്യ വകുപ്പിലെ ജീവനക്കാർ ഇതിനെപ്പറ്റി വേണ്ട രീതിയിൽ തൊഴിലുറപ്പ് മേറ്റുമാരെ ബോധവൽക്കരിക്കാത്തതു മൂലമാണ് പ്രശ്നം ഉണ്ടായത്. കൂടാതെ ഗുളികയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യം വാർഡംഗം അരുൺ അനിരുദ്ധൻ ഉന്നയിച്ചു.