പത്തനംതിട്ട : നഗരത്തിലെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നു കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകള്‍ നിര്‍ത്തലാക്കണം. നഗരപരിധിയില്‍ നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്നത് ഒഴിവാക്കണം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കണം. നഗരത്തിലെ കടകളിലും മറ്റും തീപിടുത്തമുണ്ടായാല്‍ തീ അണയ്ക്കുന്നതിനുള്ള അടിസ്ഥാനസംവിധാനങ്ങള്‍ സ്ഥാപനങ്ങളില്‍ തന്നെ സ്ഥാപിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. പത്തനംതിട്ട ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് എ റ്റി എം സ്ഥാപിക്കണം.
പത്തനംതിട്ടയില്‍ നിന്നു അമൃത ഹോസ്പിറ്റല്‍ പോകുന്ന കെഎസ്ആര്‍ടി ബസ് നിര്‍ത്തലാക്കിയതു പുനരാരംഭിക്കുന്നതിനു വേണ്ട നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു പ്രശ്നപരിഹാരങ്ങള്‍ക്കാവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. കോഴഞ്ചേരി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് റോയി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോഴഞ്ചേരി തഹസില്‍ദാര്‍ പി സുധീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷൈനി ബേബി, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, വിവിധ രാഷ്ട്രീയപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.