വാഷിങ്ടൺ: ഇന്ത്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 300 ഓളം പേർ മരിക്കാനിടയായ വാർത്ത ഹൃദയം തകർക്കുന്നതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഒഡിഷയിലെ ബാലുസോറിൽ വെള്ളിയാഴ്ചയുണ്ടായ ട്രെയിൻ അപകടമാണ് മൂന്ന് ദശകങ്ങൾക്കിടെ ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ റെയിൽ ദുരന്തം. ദുരന്തത്തിൽ 288 പേർ മരിക്കുകയും 1100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.യു.എസ് പ്രഥമ വനിത ജിൽ ബൈഡനും ഞാനും ഇന്ത്യയിലെ ട്രെയിൻ ദുരന്തം അറിഞ്ഞ് ഹൃദയം തകർന്നിരിക്കുകയാണ്.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അത് താങ്ങാനുള്ള കരുത്ത് നൽകണമെന്ന് പ്രാർഥിക്കുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് വേണ്ടിയും പ്രാർഥിക്കുന്നു – ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു. യു.എസും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ വേദനയിൽ അമേരിക്കൻ ജനതയും പങ്കുചേരുന്നു. ഈ വേദനയിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കുന്നവരെ ഞങ്ങൾ ചേർത്ത് പിടിക്കുന്നു -ബൈഡൻ പറഞ്ഞു.