തിരുവനന്തപുരം: കെ സുധാകരനെതിരെ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് രംഗത്ത്. ഭാര്യയെ കെ റെയില്‍ വിവാദവുമായി ബന്ധപ്പെടുത്തി കെ സുധാകരന്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് എംപി രംഗത്തെത്തിയത്. ഭാര്യക്ക് കെ റെയിലില്‍ വലിയ ജോലി കിട്ടി എന്ന തരത്തില്‍ സുധാകരന്‍ ആരോപിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും ഒരു നുണ പലവട്ടം പറയുമ്പോള്‍ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കില്‍ അദ്ദേഹത്തിന് അത് തുടരാമെന്നും ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തെ മണ്ടനാക്കാന്‍ ആരെങ്കിലും പറഞ്ഞു കൊടുക്കുന്നത് ഛര്‍ദിക്കുന്നതാണോയെന്നും ബ്രിട്ടാസ് ചോദിച്ചു.
ഒരു നുണ പലവട്ടം പറയുമ്പോള്‍ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കില്‍ അദ്ദേഹത്തിന് അത് തുടരാം. അദ്ദേഹത്തെ മണ്ടനാക്കാന്‍ തെറ്റായ വിവരം ആരെങ്കിലും പറഞ്ഞുകൊടുത്തതാവാമെന്നും ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു. തന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പുതന്നെ ഷീബ റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചതാണ്. റെയില്‍വേക്ക് പങ്കാളിത്തമുള്ള കെ റെയിലിലേക്ക് ഡെപ്യൂട്ടേഷനില്‍ അയച്ചത് റെയില്‍വേ ബോര്‍ഡാണ്. ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി അവര്‍ റെയില്‍വേ ബോര്‍ഡിലേക്ക് മടങ്ങിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കെ സുധാകരന് രാഷ്ട്രീയമായി തന്നോടെന്തെങ്കിലും കണക്കുതീര്‍ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് സ്വാഗതം ചെയ്യും. അല്ലാതെ കുടുംബത്തിലുള്ളവരെ, സ്വന്തം ജോലി ചെയ്ത് തന്റെ പാടു നോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ഉണ്ടാക്കി വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷന് യോജിച്ചതാണോ എന്ന് അദ്ദേഹം ആലോചിക്കട്ടെയെന്നും ബ്രിട്ടാസ് പറഞ്ഞു.