ന്യൂഡൽഹി : മൊഡേണ കൊവിഡ് വാക്‌സിന് പിന്നാലെ ഇന്ത്യയില്‍ കൂടുതല്‍ വാക്‌സിനുകള്‍ ഉടന്‍ എത്തും. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ രാജ്യത്ത് വേഗത്തില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയിലാണെന്ന് കമ്പനി അറിയിച്ചു. ബ്രിഡ്ജിംഗ് ട്രയലുകള്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയായേക്കും. നിയന്ത്രിത ഉപയോഗത്തിന് അടിയന്തിര അനുമതി നല്‍കിയ മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് ഒരാഴ്ചക്കുള്ളില്‍ രാജ്യത്ത് ഇറക്കുമതി ചെയ്യും. 7 മില്യണ്‍ ഡോസാകും ഇറക്കുമതി ചെയ്യുക.
അതേസമയം മൂന്നാം തരംഗത്തിന്റെ ആശങ്ക നില്‍ക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 72 മണിക്കൂറിനിടയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ വീണ്ടും പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ച് അര ലക്ഷത്തില്‍ താഴെയാണ് പ്രതിദിന രോഗികള്‍. മരണസംഖ്യയും കുറഞ്ഞു.