തൊടുപുഴ: രാഹുൽ ഗാന്ധിക്കും സ്ത്രീകൾക്കുമെതിരായ അധിക്ഷേ പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് മുൻ എം.പി ജോയ്‌സ് ജോർജ്. അനുചിതമായ പരാമർശങ്ങളാണ് തന്നിൽ നിന്നുണ്ടായതെന്ന് ജോയ്‌സ് ജോർജ് പറഞ്ഞു. രാഹുൽ ഗാന്ധിക്കും സ്ത്രീകൾക്കുമെതിരായ ജോയ്‌സ് ജോർജിന്റെ പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജോയ്‌സ് ജോർജിന്റെ ഖേദപ്രകടനം.
പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്‌സ് ജോർജിന്റെ പരിഹാസം. മന്ത്രി എംഎം മണി അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു.
സംഭവം വാർത്തയായതോടെ ജോയ്‌സ് ജോർജിനെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ജോയ്‌സ് ജോർജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ജോയ്‌സ് ജോർജിനെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാട് എൽഡിഎഫിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.