കൊച്ചി : ഇന്ധനവില വര്‍ധനവിനെതിരെ എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിക്കുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫ് കുറ്റം സമ്മതിച്ചതായി പോലീസ്. കല്ലുകൊണ്ട് ഇടിച്ചു കാറിന്റെ ഗ്ലാസ് പൊട്ടിക്കുക ആയിരുന്നുവെന്ന് ജോസഫ് പോലീസിനോട് പറഞ്ഞു. പൊട്ടിയ ഗ്ലാസ് കൊണ്ട് ജോസഫിന്റെ കൈയ്ക്ക് മുറിവേറ്റിരുന്നു.
ജോജുവിന്റെ കാറില്‍ ഉണ്ടായിരുന്ന രക്തക്കറ ജോസഫിന്റെതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ജോസഫിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പ്രതികളുടെ വീട്ടില്‍ ഇന്നലെ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതി അവിടെ ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ എട്ട് പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിരുന്നത്. ഒരാളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്.