കോഴിക്കോട്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസ് പ്രതി ജോളി സുപ്രിം കോടതിലേക്ക്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നും ഭൂമി തര്‍ക്കം കൊലപാതകമായി മാറിയത് തനിക്കെതിരായ ഗൂഢാലോചനയാണെന്നും ഹര്‍ജിയില്‍ ജോളി ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശാസ്ത്രീയമായിട്ടുള്ള തെളിവുകളില്ല. വിചാരണ നിര്‍ത്തിവെക്കണം. തന്നെ ഈ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്ന് ജോളി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടില്‍ നിന്ന് അറസ്റ്റിലായത്. ഒക്ടോബര്‍ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകള്‍ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. 2011ലാണ് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരന്‍ സംശയം ഉന്നയിച്ച് പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.