ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എറണാകുളം പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസില്‍ താമസിച്ച വകയില്‍ മുറിവാടകയിനത്തില്‍ 13 ലക്ഷം രൂപ കുടിശ്ശിക കൊടുക്കാനുണ്ടെന്ന് വ്യാജമായി കെട്ടിച്ചമച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ റിപ്പോര്‍ട്ട് കൊടുത്ത ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരോട് സെപ്റ്റംബര്‍ 29 ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഡല്‍ഹിയിലെ പി.ഡബ്‌ള്യു.ഡി കോംപ്ലക്‌സിലുള്ള ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
കഴിഞ്ഞ ഡിസംബറില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധനകാര്യ, പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരോട് കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കമ്മീഷന്‍ മുമ്പാകെ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.