പാലാ : എല്‍ഡിഎഫ് – കേരളകോണ്‍ഗ്രസ് (എം) ബന്ധത്തില്‍ വിള്ളല്‍ വീഴുന്നു. സിപിഐ വോട്ട് മറിച്ചുവെന്ന് ജോസ് കെ മാണി ആരോപിച്ചു. ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ച അഞ്ചു സീറ്റിലും സിപിഐ അടക്കമുള്ളവര്‍ പാലം വലിച്ചതായി കേരളാ കോണ്‍ഗ്രസ് നിഗമനം. സിപിഐക്ക് പുറമെ എല്‍ഡിഎഫിലെ ചില ഘടകകക്ഷികളും കേരളാ കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ലെന്നാണ് കണ്ടെത്തല്‍. ഇതോടെ പാലാ അടക്കമുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടിയുടെ വിജയപ്രതീക്ഷ കുറഞ്ഞിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയില്‍ വന്നതോടെ സിപിഐക്കാണ് കോട്ടയം ജില്ലയില്‍ നഷ്ടം സംഭവിച്ചത്. അവര്‍ സ്ഥിരമായി മത്സരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് കൈവിടേണ്ടി വന്നു. ജില്ലയിലെ സാന്നിധ്യം സംവരണ മണ്ഡലമായ വൈക്കത്ത് മാത്രമായി ഒതുങ്ങി.
എന്നാല്‍ കേരളാ കോണ്‍ഗ്രസാകട്ടെ അഞ്ചു സീറ്റില്‍ മത്സരിച്ചു. പാലാ, ചങ്ങനാശേരി, കടുത്തുരുത്തി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് ലഭിച്ചത്. ഇവിടങ്ങളില്‍ സിപിഐ വോട്ടുകള്‍ കിട്ടിയിട്ടില്ലെന്ന് മാത്രമല്ല, ഇതു എതിരാളികള്‍ക്ക് ലഭിക്കുക കൂടി ചെയ്തു.
പലയിടങ്ങളിലും സിപിഐ നേതാക്കള്‍ പ്രചാരണ രംഗത്തു കൂടി വന്നില്ല. ഇതും കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ നല്ല രീതിയില്‍ ബാധിച്ചു. സിപിഐ മാത്രമല്ല, കുറച്ചു വോട്ടുകള്‍ മാത്രമുള്ള ചില ഘടകകക്ഷികളും വോട്ടു ചെയ്തില്ല എന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍.
എന്‍സിപി, ജനതാദള്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നി കക്ഷികളാണ് പിന്നില്‍ നിന്നും കുത്തിയെന്ന് ജോസ് വിഭാഗം കരുതുന്നത്. ചുരുക്കത്തില്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ വോട്ടിനു പുറമെ സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ മാത്രമെ കിട്ടിയുള്ളു എന്നു വ്യക്തം.
ഇതിനു പുറമെ പാലായടക്കമുള്ള സ്ഥലങ്ങളില്‍ ക്രൈസ്തവ വോട്ടുകളും കാര്യമായി കിട്ടിയില്ല എന്നു കേരളാ കോണ്‍ഗ്രസ് കരുതുന്നു. പരമ്പരാഗതമായി കെ.എം മാണിക്ക് കിട്ടിയ വോട്ടുകള്‍ ഇത്തവണ വീണില്ലെന്നും ജോസ് വിഭാഗം വിശ്വസിക്കുന്നു. ഇതോടെ പാര്‍ട്ടി മത്സരിച്ച പല മണ്ഡലങ്ങളിലും വിജയപ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുകയാണ്.
തെരഞ്ഞെടുപ്പിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് നേരിട്ട് ജില്ലയിലെ സ്ഥിതി വിലയിരുത്താന്‍ ഒരു സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഇവരുടെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ നിഗമനം. കേരളാ കോണ്‍ഗ്രസിന് ലഭിച്ചിരുന്ന നായര്‍ വോട്ടുകളും ഇത്തവണ കിട്ടിയില്ലെന്നും പറയപ്പെടുന്നു. ഇതോടെ ഫലം വരുന്നതിനു പിന്നാലെ മധ്യകേരളത്തിലെങ്കിലും കാലുവാരല്‍ ആരോപണം ഇടതിനു കുരുക്കാകും.