കോട്ടയം : സിപിഎം അനുകൂല സൂചന നല്‍കിയതോടെ ഇടതുപാളയത്തിലേക്ക് നീങ്ങാന്‍ കേരള കോണ്‍ഗ്രസ് ജോസ് പക്ഷം നീക്കം തുടങ്ങി. സിപിഎമ്മിന്റെ ക്ഷണം ചര്‍ച്ച ചെയ്യാന്‍ ജോസ് കെ.മാണി വിഭാഗത്തിന്റെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം ജൂലൈ എട്ടിന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനം വൈകരുതെന്ന സി.പി.എം നിര്‍ദേശത്തിനു പിന്നാലെയാണിത്. എല്‍.ഡി.എഫിലേക്ക് പോകുന്നതും സി.പി.എം നിലപാടും ചര്‍ച്ച ചെയ്യുമെന്ന് ജോസ് കെ.മാണി പക്ഷത്തെ നേതാക്കള്‍ അറിയിച്ചു.
അതേസമയം കേരള കോണ്‍ഗ്രസ് അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജൂലൈ ഏഴിന് വരാനിരിക്കുകയാണ്. ചിഹ്നം ആരുടേത്, ഔദ്യോഗിക പാര്‍ട്ടി ഏത് വിഭാഗത്തിന്റേത് എന്നീ വിഷയത്തിലെ കമ്മീഷന്‍ തീരുമാനമാണ് ചൊവ്വാഴ്ച വരിക. ഭാവിയില്‍ ഏതു മുന്നണിയുടെ ഭാഗമാകണം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി അനുകൂലമായാലും പ്രതികൂലമായാലും എങ്ങനെ നേരിടണം തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.
എല്‍.ഡി.എഫ്. മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട നിലപാട് ജോസ് കെ. മാണി വിഭാഗം നിലപാട് വ്യക്തമാക്കിയാല്‍ അക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു. തീരുമാനം ഉടന്‍ വേണമെന്നാണ് ജോസ് കെ.മാണി പക്ഷത്തോട് സി.പി.എം. ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം യു.ഡി.എഫിനൊപ്പം തുടരണമെന്ന് അഭിപ്രായപ്പെടുന്ന ഒരു പക്ഷം ജോസ് കെ.മാണി വിഭാഗത്തിലുണ്ട്. ഈ നേതാക്കളെയും പ്രവര്‍ത്തകരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുനയിപ്പിക്കുക എന്നത് ഉള്‍പ്പെടെയുള്ള വെല്ലുവിളിയും ജോസ്.കെ മാണിക്ക് മുന്നിലുണ്ട്.