കോട്ടയം : കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തിന് പച്ചക്കൊടി വീശിയ കത്തോലിക്ക സഭയിലെ ഒരു വിഭാഗം നിര്‍ണായക സമയത്ത് ജോസ് കെ. മാണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് ആരോപണം. കഴിഞ്ഞ ഫെബ്രുവരിയില്‍ സഭയില്‍ സ്വാധീനമുള്ള പത്രത്തിന്റെ ഓണ്‍ലൈന്‍ എഡീഷന് നടത്തിയ സര്‍വ്വേ ഫലം എന്ന പേരില്‍ കത്തോലിക്ക സമുദായത്തിനിടയില്‍ മാണി സി. കാപ്പന് അനുകൂല അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കാന്‍ പുരോഹിതര്‍ അടക്കം ശ്രമിച്ചെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പ്രധാന ആക്ഷേപം.
പാലാ സീറ്റ് എന്‍.സി.പിക്ക് നിഷേധിച്ചത് ശരിയാണോ എന്ന ചോദ്യം ഉന്നയിക്കുന്ന സര്‍വ്വേയില്‍ തെറ്റാണെന്ന് 74 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടെന്നായിരുന്നു വാര്‍ത്ത. ഇത്തരം ഒരു സര്‍വ്വേ ആര്, എപ്പോള്‍, എവിടെ നടത്തി എന്നതിന് മതിയായ വിശദീകരണം ലഭ്യമല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗതമായി കത്തോലിക്ക സമുദായത്തിനിടയില്‍ പ്രചാരത്തിലുള്ള പത്രമായതിനാല്‍ വായനക്കാരായ വോട്ടര്‍മാര്‍ മാണി സി. കാപ്പന് അനുകൂലമായി ചിന്തിക്കാന്‍ വാര്‍ത്ത ഇടയാക്കിയെന്ന് ജോസ് കെ. മാണിക്ക് ഒപ്പമുള്ളവര്‍ കരുതുന്നു.
സാമ്പത്തിക സംവരണത്തില്‍നിന്ന് സിറോ മലബാര്‍ സഭാംഗങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ച് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതി വ്യാപക പ്രചാരണം നടത്തിയതും തിരിച്ചടിയായി. ജോസ് വിഭാഗം ഇടതു മുന്നണിയിലെ ഘടകകക്ഷിയായിട്ടും ക്രൈസ്തവരെ ദ്രോഹിക്കുന്ന നിലപാട് തുടരുന്നു എന്നതായിരുന്നു പ്രചാരണത്തിന്റെ കാതല്‍. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത് ജോസ് കെ. മാണിയുടെ വലിയ നേട്ടമായാണ് കേരള കോണ്‍ഗ്രസ് എം കേന്ദ്രങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ സമിതിയില്‍നിന്ന് സിറോ മലബാര്‍ സഭാംഗങ്ങളെ ഒഴിവാക്കിയത് ഗൂഢാലോചനയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.
സര്‍ക്കാര്‍ തെറ്റ് തിരുത്തിയെങ്കിലും പ്രചാരണം അവസാനിപ്പിച്ചില്ല. ഇതോടൊപ്പം പാലായിലെ പ്രധാന പള്ളികളിലൊന്നായ ളാലം പഴയ പള്ളിയുടെ പേരിലുള്ള വാട്സ്ആപ് ഗ്രൂപ്പുകളില്‍ യു.ഡി.എഫിന് വോട്ടുചെയ്യാന്‍ ആഹ്വാനം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പുദിവസം മാത്രമാണ് ഈ സന്ദേശം നിഷേധിച്ച് വികാരി പ്രസ്താവനയിറക്കിയത്. മാത്രമല്ല ഏറ്റവും കൂടുതല്‍ സന്യസ്തര്‍ക്ക് വോട്ടുള്ള ബൂത്തുകള്‍ക്ക് കീഴിലുള്ള കോണ്‍വന്റുകളില്‍ ചില പുരോഹിതര്‍ എത്തി ജോസ് കെ. മാണിക്കെതിരെ പ്രചാരണം നടത്തിയതായും ആരോപണം ഉണ്ട്.