കോട്ടയം : ഇടതുമുന്നണിയിലേക്ക് മാറിയ ജോസ് കെ. മാണി എംപി സ്ഥാനം ഉടന്‍ രാജിവയ്ക്കും. രാജ്യസഭാ എംപി സ്ഥാനം അടുത്തയാഴ്ച രാജിവച്ചേക്കുമെന്നാണ് സൂചനകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാനാണ് തീരുമാനം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കും.
കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്ക് മാറിയതിന് പിന്നാലെ തന്നെ താന്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് കെ. മാണി അറിയിച്ചിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ചിഹ്നം സംബന്ധിച്ച കേസുകള്‍ നിലവില്‍ കോടതിയിലാണ്. ഈ മാസം എട്ടിന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഇതിന് പിന്നാലെ ഈ മാസം 10 ഓടെ ജോസ് കെ. മാണി എംപി സ്ഥാനം രാജിവയ്ക്കുമെന്നാണ് വിവരങ്ങള്‍. ഇതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.