ന്യൂഡൽഹി: ബഫർ സോണ്‍ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എംപി. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. പരിസ്ഥിതി നിയമങ്ങളിലെ കർഷകവിരുദ്ധ വകുപ്പുകൾ റദ്ദാക്കണമെന്നും വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും യോഗത്തിൽ പങ്കെടുത്ത കേരള കോണ്‍ഗ്രസ് (എം) നേതാക്കളായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എന്നിവർ ചൂണ്ടിക്കാട്ടി.
പരിസ്ഥിതിലോല പ്രദേശങ്ങളോട് ചേർന്നുള്ള ബഫർ സോണ്‍ വിഷയത്തിൽ ഉണ്ടായിരിക്കുന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നിർദ്ദിഷ്ട ബഫർ സോണുകളിലെ ജനവാസ, കൃഷി മേഖലകളെ പൂർണമായി ഒഴിവാക്കാനുള്ള അടിയന്തിര നടപടികൾ കേന്ദ്രം കൈക്കൊള്ളണം. വനം, പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട ആറ് കേന്ദ്ര നിയമങ്ങൾ പരിഷ്കരിക്കുന്നതിന് ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.