തിരുവനന്തപുരം : സിൽവർലൈൻ വിഷയത്തിലെ സെമിനാറിൽ നിന്ന് ഒഴിവാക്കിയതു സംബന്ധിച്ചു യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വി.എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു. ഒഴിവാക്കുമ്പോൾ അക്കാര്യം തന്നെ വിളിച്ചു പറയാനുള്ള സാമാന്യ മര്യാദ കാണിക്കാമായിരുന്നു. മാധ്യമവാർത്തകളിലൂടെയാണ് മാറ്റം അറിഞ്ഞത്. കടക്കു പുറത്തെന്നു സർക്കാരിന് ഏതു സമയവും പറയാം. ഈ മാറ്റം അപ്രതീക്ഷിതമല്ലെന്നും ജോസഫ് സി മാത്യു പറഞ്ഞു. ചീഫ് സെക്രട്ടറിയാണ് സെമിനാറിലേക്കു ക്ഷണിച്ചത്. ചർച്ചയുടെ വിശദമായ വിവരങ്ങൾ ചീഫ് സെക്രട്ടറിയുടെ ഓഫിസിൽനിന്ന് അയച്ചു തന്നിരുന്നു.
ഒരാൾക്കു സംസാരിക്കാന്‍ 10 മിനിട്ട് മാത്രമാണ് ലഭിക്കുന്നതെന്നതിനാൽ പറയേണ്ട വിഷയങ്ങൾ സഹപാനലിസ്റ്റുകളുമായി സംസാരിച്ചിരുന്നു. ഒഴിവാക്കിയത് എന്തു കൊണ്ടാണെന്നു പറയേണ്ടതു ചീഫ് സെക്രട്ടറിയാണ്. അദ്ദേഹം അറിയാതെയാണ് മാറ്റമെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. മാറ്റം എന്തു കാരണം കൊണ്ടാണെന്നു പറഞ്ഞില്ലെങ്കിലും മാറ്റിയ വിവരം പറയാമായിരുന്നു. ശരിയായി യോഗം നടത്താന്‍ കഴിയാത്തവരാണ് റെയിൽ ഓടിക്കാൻ പോകുന്നതെന്നും ജോസഫ് സി മാത്യു പറഞ്ഞു. രാഷ്ട്രീയപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിൽ അസ്വസ്ഥത ഉള്ളവരുണ്ടെന്ന് അറിയാം. അതിനാൽ ഇത്തരം കാര്യങ്ങൾ വന്നേക്കാം എന്നു പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.