പത്തനംതിട്ട : കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസഫ് എം.പുതുശ്ശേരി പാര്‍ട്ടി വിട്ടു. ജോസ് കെ.മാണി വിഭാഗം ഉന്നതാധികാരസമിതി അംഗവും മുന്‍ എം.എല്‍.എയുമാണ് പുതുശ്ശേരി.
ജോസഫ് എം പുതുശ്ശേരിയെ കോൺഗ്രസിലേക്ക് ക്ഷണിക്കരുതെന്ന് പത്തനംതിട്ട ഡിസിസി പ്രമേയം പാസാക്കിയതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ആശീർവാദത്തോടെ ജോസഫ് ഗ്രൂപ്പ് വഴി യുഡിഎഫിലേക്ക് കടക്കുകയായിരുന്നു . കേരളാ കോൺഗ്രസ് മാണി – ജോസഫ് ലയനത്തിന്റെ രഹസ്യവിവരങ്ങളും സീറ്റ് ചർച്ചകളുടെ വിശദാംശങ്ങളും കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കും ചോർത്തി നൽകി കേരളാ കോൺഗ്രസിന്റെ വിലപേശൽ ശക്തി നഷ്ടമാക്കി 15 സീറ്റിലൊതുക്കിയതിന് പിന്നിൽ പുതുശ്ശേരിയുടെ ചാരപ്പണിയാണന്ന് മാണിസാറിന് തന്നെ അറിയാമായിരുന്നു.
ബാർ കോഴ ആരോപണത്തിന് മറുപടി പറയാൻ ചാനൽ റൂമിലെത്തിയ പുതുശ്ശേരി ചർച്ചകഴിഞ്ഞിറങ്ങി സ്വകാര്യ സംഭാഷണത്തിൽ മാണിസാറിനെ വിമർശിച്ചത് റെക്കോർഡ് ചെയ്തു ചാനലുകാർ ആഘോഷമാക്കിയതും പാർട്ടിയിൽ പുതുശേരിക്കെതിരേ പ്രബല വിഭാഗം തിരിയാൻ കാരണമായി. ഇക്കാരണത്താൽ തന്നെ കേരളാ കോൺഗ്രസ് (എം) ന് പത്തനംതിട്ട ജില്ലയില്‍ ലഭിക്കുന്ന ഏക സീറ്റ് തനിക്ക് ലഭിക്കില്ലെന്നറിയാവുന്ന പുതുശ്ശേരി ഇടതു ബാന്ധവം ചോദ്യം ചെയ്ത് യു ഡി എഫിലേക്ക് ചേക്കേറുകയായിരുന്നുവെന്ന് വേണം കരുതാൻ. കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും ഏറ്റവുമടുത്ത വിശ്വസ്ഥനായിരുന്ന വിക്ടർ ടി തോമസിനെ തന്റെ കുശാഗ്രബുദ്ധി കൊണ്ട് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റി ജോസഫ് പക്ഷത്തേക്ക് എത്തിക്കുന്നതിലും പുതുശ്ശേരി വിജയിച്ചിരുന്നു. ഇനി വിക്ടറുമൊത്ത് എത്ര കാലം ജോസഫ് ഗ്രൂപ്പിൽ തുടരുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. പുതുശ്ശേരിയും വിക്ടർ ടി തോമസും ഒരുമിച്ച് ജോസഫ് ഗ്രൂപ്പിൽ നിൽക്കാൻ സാധ്യതയില്ല. ആരെങ്കിലുമൊരാൾ താമസിക്കാതെ ജോസഫ് ഗ്രൂപ്പ് വിടുമെന്നുറപ്പാണ്.