തിരുവല്ല : സംഭരിച്ച നെല്ലിന്റെ വില നൽകാതെ കുടിശിക വരുത്തി കർഷകരെ ആത്മഹത്യാ മുനമ്പിലേക്ക് തള്ളിവിടുക മാത്രമല്ല, സംഭരണ വില നിശ്ചയിക്കുന്ന കാര്യത്തിലും സർക്കാർ കർഷകരെ നിഷ്ക്കരുണം പറ്റിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. സംഭരണ വിലയായി കിലോയ്ക്ക് നൽകുന്ന 28. 20 രൂപയിൽ 20. 40 കേന്ദ്രത്തിന്റെയും 7.80 സംസ്ഥാനത്തിന്റെയും വിഹിതമാണ്. ഈ സാമ്പത്തിക വർഷം കേന്ദ്രം 1.43 രൂപയുടെ വർദ്ധന വരുത്തിയപ്പോൾ കേന്ദ്ര വിഹിതം 21.83 ആയി. അപ്പോൾ വില 29.63 രൂപയായി ഉയരേണ്ടതായിരുന്നു.
സംസ്ഥാനം ആനുപാതികമായി വർദ്ധിപ്പിക്കേണ്ടിടത്തു അത് ചെയ്തില്ലെന്ന് മാത്രമല്ല കേന്ദ്രം വർദ്ധിപ്പിച്ച തുക സംസ്ഥാന വിഹിതത്തിൽ നിന്ന് വെട്ടിക്കുറച്ച് 6.37 ആക്കി. നേരത്തെ 8. 40 രൂപ വരെ ഉണ്ടായിരുന്ന സംസ്ഥാന വിഹിതം ഇങ്ങനെ വെട്ടി കുറച്ചു കുറച്ചാണ് 7.80 -ൽ എത്തിയത്. വളത്തിന്റെയും കീടനാശിനികളുടെയും വില വർദ്ധിച്ചതടക്കം കൃഷി ചെലവ് ഗണ്യമായി വർദ്ധിച്ചിട്ടും നിലവിൽ ഉണ്ടായിരുന്ന വിഹിതം വെട്ടിക്കുറയ്ക്കുന്ന കണ്ണിൽ ചോരയില്ലാത്ത ഈ നടപടിക്ക് എന്ത് ന്യായീകരണമാണുള്ളത്. കേന്ദ്ര വിഹിത വർദ്ധനവിന്റെ ചിലവിൽ വില താഴോട്ട് പോകാതെ നിർത്തി നെൽകൃഷിക്കാരെ വഞ്ചിക്കുകയാണ്. എന്നിട്ട് കേന്ദ്രം കൂടുമ്പോഴൊക്കെ വിലകൂട്ടാനാവില്ല എന്ന മറു ന്യായം പറഞ്ഞ് ഭക്ഷ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കൂട്ടേണ്ട, വെട്ടിക്കുറയ്ക്കാതിരുന്നാൽ മതിയെന്നും അത്രയെങ്കിലും സത്യസന്ധത കാണിക്കാൻ മന്ത്രി തയ്യാറാകണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. യു.ഡി.എഫ് പെരിങ്ങര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ ക്രിസ്റ്റഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കേരി, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം സാം ഈപ്പൻ, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം പെരിങ്ങര രാധാകൃഷ്ണൻ, ജേക്കബ് ചെറിയാൻ, വിനോദ് കോവൂർ, രാജൻ വർഗീസ്, അജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.