പത്തനംതിട്ട : കാപട്യവും ആത്മവഞ്ചനയും ബഡായിയുമാണ് സംസ്ഥാന ബജറ്റിന്റെ മുഖമുദ്രയെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ധൂർത്തും ദുർവ്യയവും കെടുകാര്യസ്ഥതയും കൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടു മോചനമില്ലാതെ തുടരുമ്പോൾ ഞെരുക്കത്തിൽ നിന്ന് കര കയറിയെന്നു പറയാനുള്ള ധൈര്യം അപാരം തന്നെ. ഇങ്ങനെ മേനി നടിക്കുമ്പോൾ തന്നെ കെടുതിയുടെ ഭാരം ജനങ്ങളുടെ മേൽ കെട്ടി ഏൽപ്പിക്കുന്നതാണ് ഭൂനികുതിയും മോട്ടോർ വാഹന നികുതിയും കോടതി ഫീസുമെല്ലാം അമിതമായി വർദ്ധിപ്പിക്കുന്ന ഞെക്കിപിഴിയൽ. 50 ശതമാനത്തിൽ അധികമായുള്ള ഭൂ നികുതി വർദ്ധനവ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
സിവിൽ സപ്ലൈസിന് 1000 കോടി കടമുള്ളപ്പോഴാണ് 700 കോടി അനുവദിച്ചിരിക്കുന്നത്.
കാരുണ്യ പദ്ധതിയിൽപ്പെട്ട ആശുപത്രികൾക്ക് 1800 കോടി കൊടുക്കാനുള്ളപ്പോഴാണ് 700 കോടി വെച്ചിരിക്കുന്നത്. ജലജീവൻ മിഷന് 4500 കോടി രൂപയാണ് കടം. കടം വീട്ടാനുള്ള തുക പോലും വകയിരുത്താതെ വിഹിതം വർദ്ധിപ്പിച്ചു എന്ന അവകാശവാദം ആത്മ വഞ്ചനയാണ്. ലൈഫ് മിഷന് കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ച തുകയുടെ 23 ശതമാനം മാത്രമാണ് ചിലവഴിക്കപ്പെട്ടത്. എല്ലാ വകുപ്പുകളുടെയും സ്ഥിതി ഇതുതന്നെ. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച് നിയമസഭ പാസ്സാക്കിയ പദ്ധതിവിഹിതത്തിൽ നേരെ 50 ശതമാനവും വെട്ടിക്കുറച്ചു ഉത്തരവിറക്കിയിട്ടു ഈ ബജറ്റിൽ വിഹിതം വർദ്ധിപ്പിച്ചു എന്ന് അവകാശപ്പെടുന്നത് പറ്റിക്കലും പരിഹസിക്കലുമാണ്. ബജറ്റിന്റെ പവിത്രത കളങ്കപ്പെടുത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബഡായികളും കൺകെട്ട് വിദ്യയും കൊണ്ട് ബഡ്ജറ്റ് പ്രസംഗം നിറച്ചിരിക്കുകയാണെന്ന് പുതുശ്ശേരി ആരോപിച്ചു.