തിരുവല്ല : മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലിത്തയുടെ മൃതദേഹം ഖബറടക്കി. സഭാ ആസ്ഥാനത്തെ സെന്റ് തോമസ് പള്ളിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. സഫ്രഗൺ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ തിയോഡിഷ്യസിൻ്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷകൾ. മാർത്തോമ സമൂഹം നെഞ്ച് പൊട്ടിയാണ് വിട നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലുംവിശാലമായ യാത്രയപ്പാണ് വലിയ ഇടയന് സഭ ഒരുക്കിയത്. സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ തിയഡോഷ്യസിൻ്റെ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷ പ്രാർത്ഥനയും സഭാ ആസ്ഥാനത്തിനുള്ളിൽ തന്നെ നഗരം ചുറ്റൽ ചടങ്ങും വിലാപയാത്രയും നടന്നു.
പ്രിയ ശിഷ്യനും പിൻഗാമിയുമായ ജോസഫ് മെത്രാപ്പൊലീത്തക്ക് ഡോ. ഫിലിപ്പോസ് ക്രിസ്റ്റോസം വലിയ മെത്രാപ്പൊലീത്ത ആശുപത്രിയിൽ നിന്നുമെത്തി അന്തിമോപചാരം അർപ്പിച്ചു. സഭക്ക് പുതുജീവനും രക്തവും നൽകിയ ഇടയനായിരുന്നു ജോസഫ് മെത്രാപ്പൊലീത്തയെന്ന് അദ്ദേഹം പറഞ്ഞു. മെത്രാപ്പൊലീത്തമാരും എപ്പിസ്കോപ്പമാരും വൈദികരും ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ കുടുംബാംഗങ്ങളും മാത്രമാണ് അന്ത്യകർമ്മങ്ങൾക്ക് ഉണ്ടായിരുന്നത്. സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധിയായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നേരിട്ടെത്തിയപ്പോൾ ഗവർണറും മുഖ്യമന്ത്രിയും വീഡിയോ കോൺഫറൻസ് വഴി അനുശോചനം രേഖപ്പെടുത്തി.