കൊച്ചി : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചത് വിവാദമായ സാഹചര്യത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ താമസിയാതെ തന്നെ പദവിയില്‍ നിന്നും മാറ്റി പുതിയ അധ്യക്ഷയെ നിയമിക്കാനാണ് സാധ്യത.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചതാണ് ജോസഫൈനെ, ഭരണ തുടര്‍ച്ചയുണ്ടായപ്പോള്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയെയും തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇടതു ഭരണം തുടരുന്ന സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വതന്ത്ര ഭരണ സംവിധാനങ്ങളില്‍ ചിലതിലെങ്കിലും നിലവിലുള്ളവര്‍ തുടരേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സിപിഎം തീരുമാനം ഉടനുണ്ടാകും.
ഇനി അങ്ങനെ ആര്‍ക്കെങ്കിലും തുടരാന്‍ അനുമതി നല്‍കിയാല്‍ പോലും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ജോസഫൈനെ തുടരാന്‍ അനുവദിക്കില്ലെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്നത്. വരും ദിവസങ്ങളില്‍ തന്നെ ഇവരുടെ രാജി ആവശ്യപ്പെടാനാണ് സാധ്യത. നിലവിലെ കമ്മീഷന്‍ അംഗങ്ങളിലും മാറ്റം ഉണ്ടാകും.
കഴിഞ്ഞ ദിവസം ഒരു ചാനലിന്റെ തല്‍സമയ പരിപാടിക്കിടെ വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഫോണില്‍ വിളിച്ച എറണാകുളം സ്വദേശിയായ യുവതിയോട് അധ്യക്ഷ നടത്തിയ മോശം പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘എന്തിനു സഹിക്കണം’ എന്ന തലക്കെട്ടില്‍ നടത്തിയ പരിപാടിയില്‍ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞ ഈ വനിതാ കമ്മീഷന്‍ അധ്യക്ഷയെ ‘എന്തിനു സഹിക്കണം’ എന്നായി സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനം. സിപിഎം സംഭവത്തില്‍ കടുത്ത അമര്‍ഷത്തിലാണ്.