റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചെത്തോങ്കര മുതൽ എസ്.സി സ്കൂള്‍ പടിവരെയുള്ള ദുരിത യാത്രയ്ക്ക് അറുതിയില്ല. കരാര്‍ കമ്പനി ഈ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചതു പോലെയാണ്. തോടിന്റെ വശം ഉയർത്തി കെട്ടി റോഡിൽ മണ്ണിട്ട് ഉയർത്തുന്ന ജോലികളാണ് എങ്ങുമെത്താതെ കിടക്കുന്നത്. ആദ്യം ഇവിടെ ഓടകളുടെ നിര്‍മ്മാണം വരെ കഴിഞ്ഞിരുന്നു. വെള്ളം കയറുന്ന സ്ഥലം ആയതിനാല്‍ റോഡുയര്‍ത്തണമെന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും പ്രതിക്ഷേധവുമായി എത്തിയിരുന്നു. തുടര്‍ന്ന് കെ.എസ്.ടി.പി എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇവിടെ ആവശ്യമായ ഉയരം വരുത്താനും നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ജോലികള്‍ ആരംഭിച്ചെങ്കിലും ഇഴഞ്ഞും മുടങ്ങിയുമാണ് മുന്നോട്ടു പോകുന്നത്. ഇതോടെ ഇവിടെ യാത്രാ ദുരിതവും വര്‍ദ്ധിച്ചു. ചെത്തോങ്കര മുതൽ എസ്.സി പടിവരെയുള്ള യാത്ര കുണ്ടും കുഴിയും നിറഞ്ഞതാണ്. ഒരു കിലോമീറ്ററോളം വരുന്ന റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും കുഴികളിൽ വീഴുന്നത് പതിവാണ്. സംസ്ഥാന പാതയിൽ റാന്നി ടൗണിലെ ആദ്യഘട്ട പണികൾ ഏതാണ്ട് അവസാനിച്ചു വരുമ്പോഴും ഈ ഭാഗത്തെ പണികൾ എങ്ങുമെത്താതെ കിടക്കുന്നത് യാത്രക്കാരെ വലക്കുന്നുണ്ട്. മന്ദമരുതി, പ്ലാച്ചേരി, എരുമേലി, വെച്ചൂച്ചിറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് ഏറെയും ദുരിതം. ചെറുവാഹനങ്ങൾ ഏറെപണിപ്പെട്ടാണ് ഈ ഭാഗം കടന്നു പോകുന്നത്.
റോഡിൽ കുഴിയില്ലാത്ത ഒരുഭാഗവും ഇല്ലെന്നതാണ് സ്ഥിതി. റോഡിന്റെ പണി അനന്തമായി നീളുന്നതിൽ ജനങ്ങൾക്കും അമർഷമുണ്ട്. ഇതിനിടയില്‍ ചെത്തോങ്കര പാലം വീതി കൂട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. ഗതാഗതം വഴി തിരിച്ചു വിടുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ ഇതും ഒന്നുമാകാതെ കിടക്കുകയാണ്. പ്ലാച്ചേരി – കോന്നി റീച്ചില്‍ എസ്.സി പടി മുതല്‍ ചെത്തോങ്കര വരെയാണ് ദുരിത യാത്ര. എത്രയും വേഗം റോഡിന്റെ ബാക്കി പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കി നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.