തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ആക്ഷേപങ്ങളിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ച് കേരള ഗവണ്മെന്റ് ജൂണിയര്‍ പബ്ലിക്ക് നേഴ്സസ് ആന്‍ഡ് സുപ്പര്‍വൈസേഴ്സ് യൂണിയന്‍ (ജെ.പി.എച്ച്.എൻ). പ്രവേശന തസ്‌തികയുടെ (ജെ.പി.എച്ച്.എൻ. ഗ്രേഡ്-2) അടിസ്ഥാന യോഗ്യതയായി ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ളത് പ്ലസ്ടുവും ഓക്സിലറി നഴ്‌സ് മിഡ് വൈഫറി കോഴ്‌സുമാണ്. എന്നാൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2020-21-ൽ ജെ.പി.എച്ച്.എൻ. തസ്തികയിലേക്ക് നടത്തിയ എഴുത്തു പരീക്ഷയിൽ ജനറൽ നഴ്സിംഗ്, ബി.എ സ്.സി. നഴ്‌സിംഗ് യോഗ്യതയുള്ളവരെയും പരീക്ഷ എഴുതാൻ അനുവദിക്കുകയും തുടർന്ന് നിയമനം നടത്തുകയും ചെയ്‌തു. കേരള ഹൈക്കോടതിയിൽ നിന്നും വ്യക്തത ആവശ്യപ്പെട്ടപ്പോൾ ഗവൺമെന്റോ ആരോഗ്യ വകുപ്പ് അധികാരികളോ അറിയാതെ പി.എസ്.സി. ഹൈക്കോടതിയെ അറിയിച്ചത് ജനറൽ നഴ്‌സിംഗ് യോഗ്യത ജെ.പി.എച്ച്. എൻ. തസ്‌തികയുടെ ഉയർന്ന യോഗ്യത ആയി കണക്കാക്കാമെന്നാണെന്നും കേരള ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സസ് ആൻഡ് സൂപ്പർവൈസേഴ്‌സ് യൂണിയൻ ആരോപിച്ചു.
ഇതിനെ തുടർന്ന് ജെ.പി.എച്ച്.എൻ./എ.എൻ.എം. കോഴ്‌സ് കഴിഞ്ഞു നിൽക്കുന്ന ഉദ്യോഗാർത്ഥികൾ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിന്റെ വിധി ഇനിയും വന്നിട്ടില്ല. സുപ്രീം കോടതിയിൽ കേസ് പരിഗണനയിലിരിക്കെ 2024 ഡിസംബർ മാസത്തിൽ മെഡിക്കൽ എഡ്യൂക്കേഷൻ, സ്റ്റേറ്റ് ഹെൽത്ത് സർവ്വീസസ് ഡിപ്പാർട്ട്മെന്റുകളിലേക്ക് ജെ.പി.എച്ച്.എൻ. തസ്‌തികയിൽ അപേക്ഷ ക്ഷണിക്കുകയും ടെക്നിക്കൽ ക്വാളിഫിക്കേഷനിൽ തത്തുല്യ യോഗ്യതയായി ജി.എൻ.എം./ബി.എസ്. സി. നഴ്സിംഗ് പരിഗണിക്കും എന്ന് നോട്ടിഫിക്കേഷനിൽ പരസ്യപ്പെടുത്തുകയും ചെയ്തു. സർക്കാർ തലത്തിൽ മാത്രം ജോലി സാധ്യതയുള്ള മെറിറ്റിൽ തന്നെ മറ്റു കോഴ്‌സുകൾക്ക് അഡ്‌മിഷൻ ലഭിക്കാൻ വേണ്ട മാർക്കും യോഗ്യതയും ഉണ്ടായിട്ടും അതിനു കഴിയാത്ത തരത്തിൽ സാമ്പത്തിക ശേഷി കുറഞ്ഞ ജോലി സാധ്യത മുന്നിൽ കണ്ടു കൊണ്ട് ജെ.പി.എച്ച്.എൻ. കോഴ്‌സ് തെരഞ്ഞെടുത്ത കുട്ടികളുടെ ഭാവി പാടെ അവഗണിച്ചു കൊണ്ടാണ് ഗവൺമെന്റ് തലത്തിലും സ്വകാര്യ മേഖലയിലും ഒട്ടനവധി സാധ്യതകൾ ഉള്ള ഇതര നഴ്‌സിംഗ് വിഭാഗത്തെ ജെ.പി.എച്ച്.എൻ.മാരായി നിയമിക്കാൻ കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുന്നത്.
ജെ.പി.എച്ച്. എൻ. ചെയ്യേണ്ട ജോലികൾ എന്താണെന്നുള്ള വ്യക്തമായ ഉത്തരവ് ഉണ്ടെങ്കിൽ പോലും പലയിടത്തും ജെ.പി.എച്ച്.എൻ. വിഭാഗത്തെ കൊണ്ട് ഇതര കാറ്റഗറിയുടെ ജോലികൾ നിർബന്ധപൂർവ്വം ചെയ്യിക്കുന്നതും വലിയ മാനസിക സംഘർഷത്തിനിടയാക്കുന്നു. 2025 ജനുവരി 31 വരെ ആശമാരുടെ പ്രവർത്തനങ്ങൾക്കുള്ള ആശാ ഇ.സി. മാൻ സോഫ്റ്റ് വെയർ എൻട്രി ജെ.പി.എച്ച്.എൻ.മാർ ചെയ്തിട്ടുള്ളതാണ്. ആരോഗ്യ വകുപ്പ് ഡയറക്ടർ വിളിച്ചു ചേർത്ത ചർച്ചയിൽ സോഫ്റ്റ് വെയറിലെ അപാകതകൾ ചൂണ്ടിക്കാണിക്കുകയും അധികാരികൾക്ക് അത് ബോധ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കി ആശമാർക്ക് ലഭിക്കേണ്ട ഇൻസെൻ്റീവ് / ഓണറേറിയം കൃത്യമായി എൻട്രി വരുത്തുന്നതി നുള്ള നടപടികൾ ഉണ്ടാകുന്നത് വരെ നിസ്സഹകരണ സമരം തുടരുമെന്ന് കേരള ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സസ് ആൻഡ് സൂപ്പർവൈസേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് മേരി ജോസഫും ജനറൽ സെക്രട്ടറി ജയശ്രീ പി.കെയും അറിയിച്ചു.