ആലപ്പുഴ: ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ജെഎസ്‌എസ് യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ജെഎസ്‌എസ് സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ആലപ്പുഴ ചുങ്കത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി. ഓഫീസാണ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് പൂട്ടിയത്. പാര്‍ട്ടിയിലെ ഓരോ പിളര്‍പ്പിന്റെയും അടയാളമായി മൂന്നു താഴുകളിട്ടാണ് പൂട്ടിയിരിക്കുന്നത്.
ജെഎസ്‌എസിനെ എല്‍ഡിഎഫിന്റെ ഘടക കക്ഷിയാക്കണമെന്ന് കാട്ടി കെ ആര്‍ ഗൗരിയമ്മ നിരന്തരം കത്ത് നല്‍കിയിട്ടും ഇടത് മുന്നണി അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് എല്‍ഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജെഎസ്‌എസ് തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മറ്റിക്ക് ശേഷമാണ് ജെഎസ്‌എസ്, എല്‍ഡിഎഫ് വിടുന്നതായി ജനറല്‍ സെക്രട്ടറി എ എന്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ളവര്‍ പ്രഖ്യാപിച്ചത്. മുന്നണിയില്‍ ഉള്‍പ്പെടുത്താതെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. എല്‍ഡിഎഫില്‍ ചേര്‍ന്നത് മുതല്‍ അവഗണനയാണെന്നും ഇവര്‍ ആരോപിക്കുന്നു.