മെക്സികോ സിറ്റി: എല്ലാ തലത്തിലുമുള്ള കോടതികളിലെ ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് അവകാശം നൽകുന്ന ആദ്യ രാജ്യമായി മെക്സിക്കോ. ഇതിനുള്ള വിവാദ ബില്ലിന് മെക്സിക്കോ പാർലമെന്റ് ബുധനാഴ്ച അംഗീകാരം നൽകി. ജുഡീഷ്യറി വീഴില്ല -എന്ന മുദ്രാവാക്യം മുഴക്കി നൂറുകണക്കിനു പ്രക്ഷോഭകർ പാർലമെന്റിലേക്ക് ഇരച്ചുകയറിയതിനാൽ എം.പി.മാർ പഴയ സെനറ്റ് കെട്ടിടത്തിലേക്ക് മാറിയാണ് വോട്ടുചെയ്തത്. ഭരണകക്ഷിയായ മൊറേനാ പാർട്ടിക്കും സഖ്യകക്ഷികൾക്കും ഭൂരിപക്ഷമുള്ള ഉപരിസഭയിൽ 41-നെതിരേ 86 വോട്ടിന് ഭരണഘടനാ പരിഷ്കരണം പാസായി. കഴിഞ്ഞയാഴ്ച അധോസഭ ബിൽ പാസാക്കിയിരുന്നു. കീഴ്‌ക്കോടതികൾമുതൽ സുപ്രീംകോടതിവരെ എല്ലായിടത്തും ജഡ്‌ജിമാരെ പൊതുതിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതിനുള്ളതാണ് ഭരണഘടനാഭേദഗതി. 2025-ലോ 2027-ലോ ആയിരിക്കും ആദ്യ തിരഞ്ഞെടുപ്പ്.
1,600- ഓളം ജഡ്ജിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന് കരുതുന്നു. നീതിന്യായവ്യവസ്ഥയെ ഉടച്ചുവാർക്കാനുള്ള പ്രസിഡന്റ് ആന്ദ്രേയ് മാന്വൽ ലോപ്പസ് ഒബ്രദോറിന്റെ നീക്കത്തിനെതിരേ വിവിധ മേഖലകളിൽനിന്ന് വൻ പ്രതിഷേധമാണുയർന്നത്. എന്നാൽ, രാഷ്ട്രീയ-സാമ്പത്തിക ഉന്നതരുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് ജുഡീഷ്യറി പ്രവർത്തിക്കുന്നതെന്നു വാദിച്ച് പരിഷ്കാരവുമായി മുന്നോട്ടുപോകുകയായിരുന്നു അദ്ദേഹം. ഈ സംവിധാനത്തിന്റെ ആനുകൂല്യം കിട്ടുന്നവരാണ് പ്രതിഷേധിക്കുന്നതെന്നും ഇടതുപക്ഷക്കാരനായ അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ നീക്കത്തിനെതിരേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നോർമ പിന മുന്നറിയിപ്പു നൽകി. മയക്കുമരുന്നു മാഫിയകൾ ശക്തമായ മെക്സിക്കോയിൽ പൊതുതിരഞ്ഞെടുപ്പിലൂടെ ജയിച്ചുവരുന്ന ജഡ്‌ജിമാർ കുറ്റവാളികളുടെ സമ്മർദത്തിനു കീഴടങ്ങാനിടയുണ്ടെന്ന് പിന പറഞ്ഞു.