പുല്ലാട് : ആഞ്ഞിലിമൂട്ടിൽക്കടവ് പാലത്തിന്റെ പുല്ലാട് ഭാഗത്തേക്കുള്ള റോഡും പാലവും തമ്മിൽ കൂടിച്ചേരുന്നിടം ഒരടിയോളം താഴ്ന്നനിലയിൽ. നിലവിൽ പാലത്തിലേക്ക് വാഹനങ്ങൾ കയറുമ്പോൾ ഒരു വലിയ ഹമ്പ് ചാടിപ്പോകുന്നത് പോലുള്ള അവസ്ഥയാണ്. പാലത്തിലേക്കുള്ള വഴി ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരിക്കുന്നതുകൊണ്ട് വാഹനങ്ങൾ നല്ല വേഗത്തിലായിരിക്കും പാലത്തിലേക്ക് കയറുന്നത്. പാലത്തിന് തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് ഈ താഴ്ച കാണാനാകുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.
ഇവിടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ഭാരവാഹനങ്ങൾ അടക്കം ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി യാത്രചെയ്യുന്നത്. എം.സി. റോഡിന് സമാന്തരമായുള്ള പാതയിലാണ് പാലം. പന്തളം, പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്നവർക്ക് കോഴഞ്ചേരിയിലേയും തിരുവല്ലയിലേയും തിരക്കിൽപ്പെടാതെ പുല്ലാട് ജങ്ഷനിലെത്തി മല്ലപ്പള്ളി വഴി കോട്ടയത്തിന് പോകാൻ കഴിയും. ദൂരക്കുറവും തിരക്ക് കുറവുമുള്ള ഈ പാത യാത്രക്കാർ കൂടുതലും തിരഞ്ഞെടുക്കുന്നു.റോഡിലെ നിലവിലെ അപകടാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.