തിരുവനന്തപുരം : ഇന്ന് ലോക പരിസ്ഥിതി ദിനം. മനുഷ്യന്റെ ആരോഗ്യത്തിനും സൗഖ്യത്തിനും ഒരു പ്രധാന ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം. പ്ലാസ്റ്റിക് മലിനീകരണം തടയുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. പതിറ്റാണ്ടുകളായി പ്ലാസ്റ്റിക് മലിനീകരണം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചിരിക്കുന്നു. നമ്മൾ കുടിക്കുന്ന വെള്ളത്തിലേക്കും കഴിക്കുന്ന ഭക്ഷണത്തിലേക്കും നമ്മുടെ ശരീരത്തിലേക്കും അത് ഒഴുകിയെത്തുന്നു.
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (യുഎൻഇപി) നേതൃത്വത്തിലാണ് എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1973 ജൂൺ അഞ്ചിനാണ് ഈ ദിനം ആദ്യമായി ആഘോഷിക്കപ്പെടുന്നത്. കുറച്ച് മരങ്ങള്‍ നട്ടത് കൊണ്ടോ പ്രതിജ്ഞ ചൊല്ലിയത് കൊണ്ടോ മാത്രം ഒതുങ്ങുന്നതല്ല ഇന്നേ ദിവസത്തെ കടമ. ഭൂമിയാകെ നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കണ്ടെത്തി അതിന് പരിഹാര മാര്‍ഗം കണ്ടെത്തുകയുമാണ് വേണ്ടത്. ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി.