വെറുതേയിരിക്കുമ്പോൾ വിരസത മാറ്റാൻ യൂട്യൂബിനെ ആശ്രയിക്കുന്നവർ ഏറെയുണ്ട്. ഉണ്ണാനും ഉറങ്ങാനും ഉണർന്നിരിക്കാനും യൂട്യൂബ് അകമ്പടി ആവശ്യമുള്ളവർ ധാരാളം. വ്യത്യസ്തതയാർന്ന അറിവുകളുടെയും കാഴ്ചകളുടെയും മ്യൂസിക്കിന്റെയുമൊക്കെ അക്ഷയഖനിയാണ് യൂട്യൂബ്. അതിനാൽത്തന്നെയാണ് യൂട്യൂബ് ലോകത്തിലെ ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ് ഫോമായത്. ദിവസവും കോടിക്കണക്കിന് പേർ യൂട്യൂബ് കണ്ടന്റുകൾ ഉപയോഗപ്പെടുത്തുന്നു. കോടിക്കണക്കിന് പേർ ഉപയോഗിക്കുന്ന മാധ്യമം എന്ന നിലയിൽ യൂട്യൂബിലും കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞ ഗൂഗിൾ ഒരു പുതിയ സെർച്ചിങ് ഫീച്ചർ യൂട്യൂബിനായി തയാറാക്കുന്ന തിരക്കിലാണിപ്പോൾ.
ഒരു പാട്ടിന്‍റെ വരിയോ ട്യൂണോ ഒന്ന് മൂളിക്കൊടുക്കുകയോ കേൾപ്പിച്ച് കൊടുക്കുകയോ ചെയ്താൽ ആ പാട്ട് ഏതാണെന്ന് തപ്പി കണ്ടുപിടിച്ച് മുന്നിലെത്തിച്ചു നൽകും എന്നതാണ് ഇപ്പോൾ യൂട്യൂബ് പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫീച്ചറിന്റെ പ്രത്യേകത. സംഗീത പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്നതാണ് ഈ ഫീച്ചർ. ഒരിക്കൽ മാത്രം എവിടെയെങ്കിലും കേട്ട് മനസിൽ കയറിക്കൂടിയ പാട്ടോ, കേട്ട് മറന്ന പഴയ പാട്ടുകളോ ഒക്കെ അറിയാവുന്ന ഭാഗങ്ങൾ ഒന്ന് മൂളി നൽകി കണ്ടെത്താൽ എന്നത് ഏറെ സൗകര്യപ്രദമാക്കും. യൂട്യൂബ് സെർച്ച് സൗകര്യം ഏറെ ഫലപ്രദമായി ഉപയോഗിക്കാൻ ഉപയോക്താക്കളെ സഹായിക്കാൻ ഗൂഗിളിന്റെ ഈ നീക്കത്തിന് സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. ഏതാനും നാളുകളായി ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ സെർച്ചിൽ അവ്യക്ത വിവരണങ്ങൾ നൽകിയാലും പാട്ടുകൾ കൃത്യമായി കണ്ടെത്താൻ സാധിക്കും. യൂട്യൂബ് സെർച്ചിലേക്കും സമാനമായ ഫീച്ചർ കൊണ്ടുവരാനാണ് ഗൂഗിൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ചില ഉപയോക്താക്കൾക്ക് ഗൂഗിൾ ഈ ഫീച്ചർ പരീക്ഷണ അടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആൻഡ്രോയിഡ് ഫോണിലെ യൂട്യൂബ് ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇത്തരത്തിൽ കേട്ടുമറന്നതോ അറിയില്ലാത്തതോ ആയ പാട്ടുകൾ വീണ്ടെടുക്കാം. യൂട്യൂബ് ടെസ്റ്റ് ഫീച്ചറുകളും പരീക്ഷണങ്ങളും എന്ന പേജിലൂടെ കമ്പനി തന്നെയാണ് കഴിഞ്ഞ ദിവസം ഈ പുതിയ ഫീച്ചർ സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഓഡിയോ സെർച്ച് ഫീച്ചറിന് പുറമേ സബ്‌സ്‌ക്രിപ്‌ഷൻ ഫീഡ് കുറച്ച് വൃത്തിയാക്കാനുള്ള മാർഗവും യൂട്യൂബ് പരീക്ഷിക്കുന്നുണ്ട് .സബ്‌സ്‌ക്രിപ്‌ഷൻ ഫീഡിനായി ഒരു സ്‌മാർട്ട് ഓർഗനൈസേഷൻ ഫീച്ചർ ആണ് യൂട്യൂബ് പരീക്ഷിക്കുന്നത്. ഈ പുതിയ ഫീച്ചർ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ക്രിയേറ്ററിൽനിന്നുള്ള ഒന്നിലധികം അപ്‌ലോഡുകൾ ശേഖരിക്കുകയും അവ എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന ഷെൽഫിൽ അവതരിപ്പിക്കുകയും ചെയ്യും.
ആവശ്യമുള്ള ഉള്ളടക്കം എളുപ്പത്തിൽ കണ്ടെത്താൻ ഇത് ഉപയോക്താക്കളെ സഹായിക്കും. അപ്‌ലോഡുകളുടെ ബഹളത്തിൽ മുങ്ങിപ്പോകാതെ ഇഷ്ടമുള്ള ഉള്ളടക്കം വളരെ വേഗം ഉപയോക്താക്കളിലേക്ക് എത്തിക്കാനും ഫീഡിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ തടസ്സങ്ങളില്ലാതെ വീഡിയോകളുമായി ഇടപഴകാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കാനും യൂട്യൂബ് ഇതിലൂടെ ലക്ഷ്യമിടുന്നു. ഈ രണ്ട് ഫീച്ചറുകളും നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. അധികം വൈകാതെ ഇവ ഉപയോക്താക്കളിലേക്ക് എത്തും. പ്ലാറ്റ്ഫോം നവീകരിക്കാനുള്ള ശ്രമത്തിൽ എഐയുടെ കഴിവുകൾ ഉൾപ്പെടെ യൂട്യൂബ് ഉപയോഗപ്പെടുത്തുന്നു.