ന്യൂഡൽഹി: ജസ്റ്റിസ് ബേല എം. ത്രിവേദിക്ക് യാത്രയയപ്പ് നൽകാതിരുന്ന സുപ്രീംകോടതി ബാർ അസോസിയേഷനെ വിമർശിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. വിരമിക്കുന്ന ജഡ്‌ജിമാർക്ക് അവരുടെ അവസാന പ്രവൃത്തിദിനം രാവിലെ ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ ആദരസൂചകമായി ആചാരപരമായ ബെഞ്ച് ചേരുകയും വൈകീട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകുകയും ചെയ്യുന്നതാണ് പതിവ് രീതി. ജസ്റ്റിസ് ബേല എം. ത്രിവേദിയെ അവരുടെ അവസാന പ്രവൃത്തി ദിനമായ വെള്ളിയാഴ്‌ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരുത്തി ആദരിച്ചെങ്കിലും യാത്രയയപ്പ് നൽകുന്നതിൽനിന്ന് ബാർ അസോസിയേഷൻ വിട്ടുനിന്നു. അതിനുള്ള കാരണവും അവർ വ്യക്തമാക്കിയിട്ടില്ല.
2004-2006 കാലത്ത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നിയമ സെക്രട്ടറിയായിരുന്ന ജസ്റ്റിസ് ബേല എം. ത്രിവേദിയെ ഗുജറാത്ത് ഹൈകോടതി ജഡ്ജിയായിരിക്കെ 2021ലാണ് സുപ്രീംകോടതി ജഡ്ജിയാക്കിയത്. ഹൈകോടതി ചീഫ് ജസ്റ്റിസ് ആകുംമുമ്ബേ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച ആദ്യ വനിതയാണ് ഇവർ. ജസ്റ്റിസ് ബേല എം. ത്രിവേദി ജൂൺ ഒമ്ബതിനാണ് വിരമിക്കുന്നതെങ്കിലും വിദേശയാത്ര പോകുന്നതിനാൽ തിങ്കളാഴ്ച മുതൽ അവധിയിലാണ്. ഇതോടെ അവസാന പ്രവൃത്തി ദിവസമായ വെള്ളിയാഴ്ച ആചാരപരമായ ബെഞ്ച് ചേർന്ന് യാത്രയയപ്പ് നൽകിയപ്പോഴാണ് ബാർ അസോസിയേഷൻ തീരുമാനത്തെ ചീഫ് ജസ്റ്റിസ് വിമർശിച്ചത്. യാത്രയയപ്പ് നൽകണമായിരുന്നു എന്ന തന്റെ നിലപാട് പറഞ്ഞ ചീഫ് ജസ്റ്റിസ് പാരമ്ബര്യങ്ങൾ പിന്തുടരേണ്ടതുണ്ടെന്നും അവ ബഹുമാനിക്കപ്പെടണമെന്നും വ്യക്തമാക്കി.