പത്തനംതിട്ട : ജില്ലയുടെ അഭിമാനമായ ജസ്റ്റിസ് ഫാത്തിമാ ബീവിക്കും യശഃശരീരനായ മുന്‍ എംഎല്‍എ കെ.കെ. നായര്‍ക്കും ആരോഗ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആദരവ്. 1947 ആഗസ്റ്റ് 15 ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ പത്തനംതിട്ടയില്‍ 20 വയസുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ആ പെണ്‍കുട്ടി പഠിക്കാന്‍ മിടുക്കിയായിരുന്നു. എല്ലാ വൈതരണികളേയും മറികടന്ന് കൊണ്ട് ആ കുട്ടി നിയമത്തില്‍ ബിരുദമെടുക്കുകയും രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തില്‍ ജഡ്ജാകുന്ന ആദ്യത്തെ വനിതയാകുകയും ചെയ്തു. അവര്‍ തന്നെ ഗവര്‍ണറായി രാജ്യത്ത് സേവനം അനുഷ്ഠിച്ചു. ആ മഹത് വനിതയുടെ പേരാണ് ജസ്റ്റിസ് ഫാത്തിമാബീവി. പത്തനംതിട്ടയുടെ പുത്രി. സ്വതന്ത്ര ഭാരതത്തില്‍ സ്ത്രീ ശാക്തീകരണത്തിനും അതുപോലെ തന്നെ സ്ത്രീകളുടെ മുന്നേറ്റത്തിനും ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് മാഡം ജസ്റ്റിസ് ഫാത്തിമാ ബീവിയെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ അതുപോലെ തന്നെ സ്ത്രീകള്‍, ദളിത് വിഭാഗങ്ങള്‍, ആദിവാസി സഹോദരങ്ങള്‍ എന്നിവര്‍ക്ക് ഇനിയും വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകേണ്ടതായിട്ടുണ്ട്.
പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് കാരണഭൂതനായിട്ടുള്ള യശഃശരീരനായ മുന്‍ എംഎല്‍എ കെ.കെ. നായര്‍ സാറിനേയും ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. പത്തനംതിട്ട മതസാഹോദര്യത്തിന്റേയും മതസൗഹാര്‍ദത്തിന്റേയും നാടാണ്. മതേതരത്വവും മഹത്തായ മാനവികതയും അടിസ്ഥാനമാക്കിയാണ് നമ്മുടെ സാമൂഹ്യ ജീവിതവും പൊതുജീവിതവും മുന്നോട്ട് പോകുന്നത്. അത് കളങ്കപ്പെടാതെ സംരക്ഷിക്കുവാന്‍ നമുക്ക് കഴിയണം. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി പോലെ തന്നെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി നമ്മുടെ പത്തനംതിട്ട ജില്ലയ്ക്കുമുണ്ട്. ശുദ്ധമായ വെള്ളവും ശുദ്ധമായ വായുവും. രാജ്യത്ത് തന്നെ ഏറ്റവും ശുദ്ധമായ വായു ലഭ്യമാകുന്ന സ്ഥലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. നമ്മുടെ ആരോഗ്യത്തിലും ഇത് നിശ്ചയമായിട്ടും പ്രതിഫലിക്കേണ്ടതായിട്ടുണ്ട്. ശബരിമല ഉള്‍പ്പെടെ തീര്‍ഥാടന കേന്ദ്രങ്ങളുള്ള ഈ ജില്ലയില്‍ മതസാഹോദര്യത്തിന്റെ ഏറ്റവും വലിയ മാതൃകകള്‍ തീര്‍ക്കുവാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.