പത്തനംതിട്ട: സുപ്രീംകോടതി ജഡ്ജിയായി ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ആദ്യമായി നിയമിതയായതടക്കം വിവിധ മേഖലകളിൽ നേടിയ നിയമനങ്ങളിലൂടെ ചരിത്രത്തിൻ്റെ ഭാഗമാവുകയും നിരവധി മേഖലകളിൽ രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള ജസ്റ്റിസ് എം ഫാത്തിമ ബീവിയുടെ മൃതദേഹത്തോട് കേന്ദ്ര – കേരള സർക്കാരുകൾ അവഗണന കാണിച്ചതായി എസ് ഡി പി ഐ ജില്ലാ പ്രസിഡൻറ് എസ് മുഹമ്മദ് അനീഷ്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് നവകേരള സദസുമായി ബന്ധപ്പെട്ട യാത്രയിലാണ് എന്ന ന്യായത്തിലാണ് വിട്ടുനിന്നത്. മൃതദേഹം കാണാൻ രണ്ട് ദിവസം അവസരം ഉണ്ടായിരുന്നിട്ടും മന്ത്രിമാർ അടക്കമുള്ളവർ വന്നു കാണാതിരുന്നതിനെ ന്യായീകരിക്കാനാകില്ല.
കേന്ദ്രമന്ത്രി വി മുരളീധരൻ ജില്ലയിൽ ഉണ്ടായിരുന്നിട്ടും മൃതദേഹം കാണുന്നതിനൊ കേന്ദ്രസർക്കാരിൻറെ അന്ത്യോപചാരം അർപ്പിക്കുന്നതിനോ എത്തിയില്ല എന്നത് ഖേദകരമാണ്. സർക്കാർ പ്രതിനിധികളുടെ അജണ്ടകളും പ്രവർത്തനങ്ങളും രാഷ്ട്രീയപാർട്ടികളുടേതാകാൻ പാടില്ല. അവർ പ്രതിനിധീകരിക്കുന്നത് മുഴുവൻ ജനങ്ങളെയുമാണെന്നുള്ള ബോധ്യമുണ്ടാകണം. ഭരണഘടനക്കും രാജ്യത്തിനും വേണ്ടി ജീവിതം മാറ്റിവെച്ചവരാണ് ജസ്റ്റിസ് ഫാത്തിമ ബീവി. അവരോടുള്ള അവഗണന ഭരണഘടനയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും സ്നേഹിക്കുന്ന പൗരന്മാർക്ക് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.