ന്യൂഡൽഹി: ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നേരിടുന്ന ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് സ്ഥലം മാറ്റം. യശ്വന്ത് വര്‍മ്മയെ സ്ഥലംമാറ്റാനുള്ള കൊളീജിയം തീരുമാനം രാഷ്ടപതി അംഗീകരിച്ചു. പിന്നാലെ രാഷ്ടപതിയുടെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. യശ്വന്ത് വർമ്മ മുൻപ് ജഡ്ജിയായി പ്രവർത്തിച്ചിരുന്ന അലഹാബാദ് ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിച്ചിരുന്നു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് വീട്ടില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.
ഫുള്‍ കോര്‍ട്ട് യോഗത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിഷയം ധരിപ്പിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിനിടെ യശ്വന്ത് വര്‍മയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണത്തിന് ഫുള്‍ കോര്‍ട്ട് യോഗം തീരുമാനമെടുത്തത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീം കോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില്‍ അംഗമായിരിക്കും.