തൃശൂർ: കാര്യപരിപാടികളിലും ഭരണപരമായ കാര്യങ്ങളിലും ഇടപെടുന്നതുൾപ്പെടെ അക്കാദമികളുടെ സ്വതന്ത്രാധികാരത്തെ പരിമിതപ്പെടുത്താനുള്ള സർക്കാർ ഉത്തരവിനെതിരെ സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. കേരളത്തിലെ അക്കാദമികളിൽ സ്വയംഭരണം കൂടുതൽ ശക്തമാക്കണമെന്നും സർക്കാർ ഇടപെടൽ ഓഡിറ്റിൽ മാത്രം ഒതുക്കിനിർത്തണമെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ കുറിപ്പിലാണ് അദ്ദേഹം ഉത്തരവിനെതിരെ പ്രതികരിച്ചത്. അക്കാദമി ഈയടുത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികമുദ്ര പതിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനുപിറകെയാണ് ഈ മാസം ആറിന് ‘സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവിധ കമ്മിറ്റികൾ ചേരുന്നതിനും പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുള്ള പൊതു മാർഗനിർദേശങ്ങൾ’ എന്ന പേരിൽ സാംസ്കാരിക വകുപ്പ് ഉത്തരവിറക്കിയത്.
ഇതിനെതിരെ സാംസ്കാരിക രംഗത്തുനിന്നും എഴുത്തുകാരിൽനിന്നും രൂക്ഷവിമർശനം ഉയരുന്നതിനിടെയാണ് പ്രധാനപ്പെട്ട അക്കാദമിയുടെ പ്രസിഡന്റുതന്നെ ഇതിനെതിരെ രംഗത്തുവരുന്നത്. പുസ്തകത്തിൽ ലോഗോ പതിപ്പിച്ചത് വിവാദമായപ്പോഴും ഇതിനെതിരെ ‘വ്യക്തിപരമായ’ അഭിപ്രായമെന്ന രീതിയിൽ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയിൽ പ്രവർത്തിച്ചപ്പോഴുണ്ടായ കാലയളവിൽ അനുഭവിച്ച വലിയ സ്വാതന്ത്ര്യവും കാര്യപരിപാടികളുമെല്ലാം വിശദീകരിച്ചാണ് അദ്ദേഹം ‘അക്കാദമികളിൽ സ്വയംഭരണം ശക്തമാകണം’ എന്ന് വിശദീകരിക്കുന്നത്.