തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാവര്‍ക്കും മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയായ കെ ഫോണ്‍ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1500 കോടി രൂപയാണ് പദ്ധതി ചെലവ്. ലോക്ക്ഡൗണ്‍ മൂലം രണ്ട് മാസമായി പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്.
ഇന്റര്‍നെറ്റിനുള്ള സൗകര്യം പൗരന്‍മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും കേരള ഫൈബര്‍ ഓപ്ടിക് നെറ്റ് വര്‍ക്ക് എന്ന കെ ഫോണ്‍ പദ്ധതി ഇന്റര്‍നെറ്റ് ലഭ്യമാകും.
ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു നടപ്പിലാക്കിയിട്ടില്ല. 1500 കോടി രൂപ ചെലവ് വരുന്ന പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രത്തിന്റെ കീഴില്‍ വരുന്ന രണ്ട് കമ്പിനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍), റെയില്‍ടെല്‍ എന്നീ പൊതുമേഖല കമ്പിനികളും എസ് ആര്‍ ഐ ടി, എല്‍ എസ് കേബിള്‍ എന്നീ സ്വകാര്യ കമ്പിനികളും ചേര്‍ന്നതാണ് കണ്‍സോര്‍ഷ്യം. കണ്‍സോര്‍ഷ്യത്തിലെ കമ്പിനി മേധാവികളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.
കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കും. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് കിട്ടും. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്കും ഈ നെറ്റ് വര്‍ക്കിലൂടെ കണക്ഷന്‍ കിട്ടും.സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരും. കൂടാതെ സംസ്ഥാനം നിക്ഷേപം ആകര്‍ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും ഊര്‍ജ്ജം പകരും.
ഐടി വകുപ്പ് പദ്ധതിയുടെ പുരോഗതിക്കായി തുടര്‍ച്ചയായി വിലയിരുത്തല്‍ നടത്തുന്നു. കണ്‍സോര്‍ഷ്യത്തിലെ കമ്പിനികളോട് കേരളത്തില്‍ നിക്ഷേപം നടത്താനും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റര്‍നെറ്റ് ശൃംഖലയാകും കെ ഫോണ്‍. കോവിഡിന് ശേഷമുള്ള ലോകത്തില്‍ ഇന്റര്‍നെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെ വര്‍ധിക്കും. ലോകത്തിന്റെ ചലനം തന്നെ ഇന്റര്‍നെറ്റ് അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസം, ബാങ്കിങ് പോലുള്ള മേഖലകളില്‍ ഇന്റര്‍നെറ്റിന്റെ ഇപയോഗം വലിയതോതില്‍ വര്‍ധിക്കും.
കോവിഡ് അനന്തരം കേരളത്തെ ലോകത്തെ പ്രധാന വ്യവസായ, വിദ്യാഭ്യാസ, ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കെഫോണ്‍ വലിയ പിന്തുണയാകും. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പിനിയും കെ എസ് ഇ ബിയും ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. ഓപ്ടിക്കല്‍ ഫൈബര്‍ വഴിയാണ് ഇന്റര്‍നെറ്റ് വിതരണം ചെയ്യുന്നത്.